CALICUTMAIN HEADLINES
അദിൻ ആദ്യമായി സ്കൂളിലെത്തി, ഓണാഘോഷത്തിൽ മുഖ്യാതിഥിയാകാൻ
മുക്കം: ഒന്നെഴുന്നേറ്റ് നിൽക്കാനോ ആരെയും തിരിച്ചറിയാനോ അദിൻ സതീഷിന് കഴിയില്ല. ഓരോ വർഷവും സ്കൂളിലെ രജിസ്റ്ററിൽ പേരുണ്ടാകുമെങ്കിലും ഭിന്നശേഷിക്കാരനായ അദിൻ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. പക്ഷേ, മുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയായ അദിൻ ആദ്യമായി തന്റെ സ്കൂളിലെത്തി. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ക്ഷണം സ്വീകരിച്ച്, ഓണാഘോഷത്തിൽ മുഖ്യാതിഥിയായാണ് അദിൻ സ്കൂളിലെത്തിയത്.
മുക്കം കളരിക്കണ്ടി സ്വദേശികളായ സതീഷിന്റെയും സുരേഖയുടെയും മൂത്ത മകനാണ് അദിൻ. ഇരുപത് വയസ്സ് കഴിഞ്ഞെങ്കിലും അദിന് ശാരീരികവും മാനസികവുമായ വളർച്ചയെത്തിയിട്ടില്ല. വലിയതുക ചെലവഴിച്ച് ചികിത്സിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് കുന്ദമംഗലം ബി.ആർ.സി. കോഴിക്കോട് നടത്തിയ ‘സുപഥം’ പരിപാടിയിൽ അദിൻ പങ്കെടുത്തിരുന്നു. അദിൻ പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു അത്. അതിനുശേഷം, കഴിഞ്ഞദിവസം മുക്കം ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും പങ്കെടുത്തു.
പല തവണ സ്കൂളിലെ ചങ്ങാതിക്കൂട്ടം അവന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും അദിൻ സ്കൂളിലെത്തിയ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽനടന്ന ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അദിനിനെ അനുമോദിച്ചു. ചിത്രകലാ അധ്യാപകനായ സിഗ്നി ദേവരാജൻ വരച്ച അദിന്റെ ചിത്രവും ഓണക്കോടിയും സമ്മാനങ്ങളും നൽകിയാണ് കൂട്ടുകാരും അധ്യാപകരും അവനെ യാത്രയാക്കിയത്.
ബി.ആർ.സി. അധ്യാപകരായ സുബാഷ്, ശശി, റിസോഴ്സ് അധ്യാപിക സലീന, പ്രധാനാധ്യാപകൻ മനോജ്, പി.ടി.എ. പ്രസിഡന്റ് കെ.പി. ഗംഗാധരൻ, മജീദ് വെള്ളലശ്ശേരി, ബാബു ചെമ്പറ്റ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Comments