അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റൻ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റൻ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് നിര്‍ദ്ദേശം നല്‍കയത്.
നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഓഗസ്റ്റ് 25ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കാറ്റും മഴയും ശക്തമായതോടെയാണ് കൂറ്റൻ പരസ്യബോര്‍ഡുകള്‍ ഭീഷണിയായത്. കെട്ടിടങ്ങള്‍ക്ക് മുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് കൂറ്റൻ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മലാപറമ്പ് , തൊണ്ടയാട്, മാവൂര്‍ റോഡ്, പറയഞ്ചേരി, പൊറ്റമ്മല്‍, ബീച്ച് റോഡ്, വയനാട് റോഡ്, കണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ അപകടാവസ്ഥയിലുള്ള ബോര്‍ഡുകള്‍ കാണാം.
പൊതുസ്ഥലങ്ങളോട് ചേര്‍ന്നാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, സാധാരണക്കാര്‍ നല്‍കുന്ന പരാതികളില്‍ കാലതാമസം കൂടാതെ അര്‍ഹമായ പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.