കോരപ്പുഴ പാലം നിർമാണം അവസാനഘട്ടത്തിൽ

എലത്തൂർ : കോരപ്പുഴയിൽ പുതിയപാലം നിർമാണത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. പാലത്തിന്റെ ആറാമത്തെ സ്പാനിന്റെ പ്രവൃത്തി പൂർത്തിയാവുന്നു. അവസാനത്തെ സ്പാപാനിന്റെ പ്രവൃത്തി തുടങ്ങി. ആർച്ചുകളുടെ പ്രവൃത്തിയും പുരോഗതിയിലാണ്. ആർച്ചുകളാണ് കോരപ്പുഴ പഴയപാലത്തിന്റെ പ്രതാപം നിലനിർത്തിയിരുന്നത്.

32 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുള്ള ഏഴു സ്പാനുകളാണ് പാലത്തിനുള്ളത്. 80-ഓളം തൊഴിലാളികളെ രണ്ടു ഷിഫ്റ്റുകളിലായി ക്രമീകരിച്ചാണ് രാവും പകലും നിർമാണപ്രവൃത്തി നടത്തുന്നത്. ഇരുകരകളിലും പുഴയിലുമായി നിർമിച്ച എട്ട് തൂണുകളിലാണ് പാലം പണിയുന്നത്.

24.32 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചത്. 5.5 മീറ്റർ വീതിയിലുള്ള പഴയ പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ നിർമാണം.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പുതിയ പാലത്തിന്റെ പ്രവൃത്തി നടത്തുന്നത്. പാലത്തിനോട് ചേർന്നുള്ള സർവീസ് റോഡുകളുടെ പ്രവൃത്തി അനിശ്ചിതമായി നീളുകയാണ്.

കെ.എസ്.ഇ.ബി. വൈദ്യുതലൈൻ മാറ്റാത്തതിനാലാണ് സർവീസ് റോഡുകളുടെ പ്രവൃത്തി തുടങ്ങാനാവാത്തത്‌. എലത്തൂർ ഭാഗത്തെ സമീപനറോഡിന്റെ പ്രവൃത്തി പൂർത്തിയായി. ഇനി ടാറിങ് പ്രവൃത്തിയാണ് ബാക്കിയുള്ളത്.

കോരപ്പുഴ ഭാഗത്തുനിന്ന് 150 മീറ്ററും എലത്തൂർ ഭാഗത്തുനിന്ന് 180 മീറ്ററും നീളത്തിലാണ് സമീപനറോഡ് നവീകരിക്കുന്നത്. 2021 ജനുവരി അവസാനത്തോടെ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തിനടക്കുന്നത്.

Comments

COMMENTS

error: Content is protected !!