സ്വർണമാല പിടിച്ചുപറിക്കുന്ന സംഘം ​പിടിയിൽ

കോഴിക്കോട് : ബൈക്കിലെത്തി നഗരത്തിലും പരിസരത്തുനിന്നുമായി സ്വർണമാല പിടിച്ചുപറിക്കുന്ന സംഘം അറസ്​റ്റിൽ. നൂറോളം മോഷണക്കേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി സലാം (35), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21), അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33) എന്നിവരാണ് അറസ്​റ്റിലായത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ബിശ്വാസും ചേർന്നാണ്​ പ്രതികളെ പിടിച്ചത്​.
സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ എല്ലാ പിടിച്ചുപറികളും നടത്തിയത് ഒരേ സംഘങ്ങളെന്ന് മനസ്സിലാക്കിയ പൊലീസ് ഇവർ മോഷണത്തിന്‌ ഉപയോഗിച്ച വാഹനം സംബന്ധിച്ചും അന്വേഷിച്ചിരുന്നു. പുറ്റേക്കാട് സലാം ജയിൽ മോചിതനായ ശേഷം വിവിധ ജില്ലകളിൽ വാടക വീടുകളിൽ താമസിക്കുകയായിരുന്നു. തേഞ്ഞിപ്പലത്ത് വെച്ചാണ്‌‌ പിടികൂടിയത്‌. മാല പൊട്ടിക്കാൻ ബൈക്കിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നത് എറണാകുളത്തെ ഭണ്ഡാര മോഷണക്കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഷമീർ ആണെന്ന് വ്യക്​തമായി. ഇയാളെ കരിപ്പൂർ വിമാനത്താവളത്തിനടുത്തുള്ള സലാമിന്റെ വാടകവീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു. ബൈക്ക് മോഷണത്തിനും സ്വർണം വിൽക്കാനും സഹായിച്ച അസിൻ ജോസിനെയെും വലയിലാക്കി. നാലുമാസത്തിനിടെ കുന്നത്ത്പാലം, അരയിടത്ത്പാലം, മോർച്ചറി റോഡ്, ബിലാത്തികുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം, ജാഫർഖാൻ കോളനി, സഹകരണ ആശുപത്രി പാർക്കിങ്‌ ഇടവഴി, അത്താണിക്കൽ എന്നിവടങ്ങളിൽനിന്നും മാല പൊട്ടിച്ചിട്ടുണ്ടെന്ന്‌ പൊലീസിനോട് സമ്മതിച്ചു. വളാഞ്ചേരി, എടപ്പാൾ ഭാഗങ്ങളിൽനിന്ന്​ രണ്ട് മിനി ലോറികൾ മോഷ്ടിച്ചതായും സൂചനയുണ്ട്‌.
നടക്കാവ് പൊലീസ് സബ്‌ ഇൻസ്പെക്ടർമാരായ എസ് ബി കൈലാസ്‌‌നാഥ്, വി ദിനേശൻ കുമാർ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം ഷാലു ഷഹീർ പെരുമണ്ണ, എ വി സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം മുഹമ്മദ് ഷാഫി എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.
വാടകവീട്ടിൽ താമസിച്ച്‌ പിടിച്ചുപറി
കോഴിക്കോട്​ വിവിധ ജില്ലകളിലായി താമസ സൗകര്യമൊരുക്കിയാണ്​ അസിൻ ജോസ്, ഷമീർ എന്നിവരെ സംഘത്തലവനായ സലാം മാലപൊട്ടിക്കാൻ കൂടെ കൂട്ടിയത്​. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് പരിചയപ്പെട്ട മോഷണക്കേസ് പ്രതികളായ അസിൻ ജോസ്, ഷമീർ എന്നിവർ ജയിൽ മോചിതരായ ശേഷം സലാം സംഘത്തിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.
ദിവസം തീരുമാനിച്ച് ഷമീറിനെയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു പതിവ്. പൊലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ ഇടക്കിടെ ബൈക്ക്‌ മാറ്റും. പൊലീസിന്​ പിടി​കൊടുക്കാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ്‌
മോഷണം.

Comments

COMMENTS

error: Content is protected !!