അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി

കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്. ഹൊസൂരിൽനിന്നും മധുരയിൽനിന്നും രണ്ട് വൈറ്റിനറി വിദഗ്ധരെ കമ്പത്തെത്തിക്കും. തമിഴ്നാട് ചീഫ് വൈൽഡ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശമനുസരിച്ചാണ് തീരുമാനം.

കൊമ്പനെ പിടികൂടാനായി ആനമലയിൽ നിന്നും കുങ്കിയാനകൾ പുറപ്പെട്ടു. അരിക്കൊമ്പന്‍റെ ആരോഗ്യനില പരിശോധിച്ച് ഉൾവനത്തിലേക്ക് കൊണ്ടുപോയി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ടൗണിൽ നിന്നും മൂന്നു കീലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് അരിക്കൊമ്പനുള്ളത്.

കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് കേരള വനംവകുപ്പ് മന്ത്രിയും എം.കെ സ്റ്റാലിനു തമ്മിൽ ചർച്ച നടത്തി. ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ ആനയെ മാറ്റാൻ സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ കമ്പമേട്ടിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോ തകർക്കുകയും ജനങ്ങളെ തുരത്തി ഓടിക്കുന്ന ദൃശങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതോടെ കമ്പംമേട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ആകാശത്തു വെടിവെച്ച് ആനയെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസുകാർ ശ്രമിക്കുന്നത്. ഇതിനു മുൻപും തമിഴ്നാടിന്‍റെ വിവിധഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അവിടുത്തെ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് കൊമ്പനെ പിടികൂടാനുള്ള നടപടി സ്വീകരിച്ചത്.

Comments

COMMENTS

error: Content is protected !!