ആദ്യം ഐസിഎൽ, പിന്നീടു ത്രീഡി ട്വീറ്റ്; ഒടുവിൽ ‘വിമതൻ’ റിട്ടയേർഡ് ‘ഹർട്ട്’!

ബർമിങ്ങാം∙ ചെറിയ മനുഷ്യനാണെങ്കിലും വലിയ സ്കോർ നേടാൻ മിടുക്കനാണ് അമ്പാട്ടി റായുഡു. ഏതു ബോളറെയും ക്രീസിനു പുറത്തിറങ്ങി നേരിടാൻ കരളുറപ്പുള്ള താരം. എതിരാളികളോടും അപംയർമാരോടും പരിധി ലംഘിച്ച് പ്രതികരിക്കും, ചെറിയൊരു വിമതനാണോ എന്ന് അടുപ്പമുള്ളവർക്കും തോന്നുന്ന പ്രകൃതം. 2002ൽ 16–ാം വയസ്സിൽ വിസ്മയ പ്രകടനം നടത്തി താരമായിരുന്നു റായുഡു.

 

പക്ഷേ, അതേ റായുഡു തന്നെയാണ് പിന്നീട് വിമത ട്വന്റി20 ലീഗായിരുന്ന ഐസിഎല്ലിൽ ചേർന്ന് ബിസിസിഐയ്ക്ക് അനഭിമതനായത്. അടുത്ത കാലത്തു ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ടപ്പോൾ , ടൂർണമെന്റ് കാണാൻ 3ഡി കണ്ണട വാങ്ങിച്ചുവെന്ന വിവാദ ട്വീറ്റ് എഴുതിയതും റായുഡുവിലെ വിമതൻ തന്നെയാകും.
കൗമാരകാലത്തെ മികച്ച പ്രകടനങ്ങളെത്തുടർന്ന് 2003ൽ ഇന്ത്യ എ ടീമിൽ ഇടം നേടി. 2004 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായി. സീനിയർ ടീമിലേക്കു റായുഡുവിന്റെ വരവ് ഉടനുണ്ടാകുമെന്ന ഘട്ടത്തിൽ ഹൈദരാബാദ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ഉടക്കി. തുടർന്ന് ആന്ധ്രയ്ക്കു വേണ്ടിയാണ് 2005–06 സീസണിൽ കളിച്ചത്. അന്ന് മത്സരത്തിനിടെ ഹൈദരാബാദ് താരം അർജുൻ യാദവുമായി ഏറ്റുമുട്ടി.
∙ ഐസിഎൽ
2007ൽ വിമത ട്വന്റി20 ലീഗായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചേർന്നു. ഇതോടെ, ദേശീയ ടീമിലേക്കുള്ള സാധ്യത അടഞ്ഞു. ബിസിസിഐയോട് ക്ഷമാപണം നടത്തിയ ശേഷം 2009ൽ ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തി. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കു വേണ്ടിയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും നടത്തിയ മിന്നുന്ന പ്രകടനങ്ങളെത്തുടർന്ന് 2012ൽ ദേശീയ ടീമിൽ. 2013ൽ സിംബാബ്‍വെയ്ക്കെതിരെ രാജ്യാന്തര അരങ്ങേറ്റം.
2015 ലോകകപ്പ്
2015 ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽപ്പോലും അവസരം ലഭിച്ചില്ല. ഇത്തവണ ലോകകപ്പിനു വേണ്ടി തയാറെടുക്കുന്നതിന്റെ ഭാഗമായി റായുഡു കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു.
ത്രീഡി കളിക്കാരൻ (ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നീ ത്രിമാന ഗുണങ്ങളുള്ള) വിജയ് ശങ്കറിനെ ലോകകപ്പ് ടീമിലെടുക്കുന്നുവെന്ന ബിസിസിഐ സിലക്‌ഷൻ കമ്മിറ്റിയുടെ പ്രസ്താവനയോടാണ് അമ്പാട്ടി റായുഡു ആഞ്ഞടിച്ചത്. ലോകകപ്പ് കാണാൻ ഞാനൊരു ത്രീഡി കണ്ണട വാങ്ങിയെന്ന ട്വീറ്റ് വൈറലായി.
∙ അസഭ്യം, ചീത്തവിളി
2012 ഐപിഎല്ലിൽ ഹർഷൽ പട്ടേലിനെ അസഭ്യം പറഞ്ഞതിന് അമ്പാട്ടി റായുഡു നടപടി നേരിട്ടു. 2014ൽ ഇന്ത്യ എ ടീമിനു വേണ്ടി കളിക്കവേ, ഔട്ട് വിധിച്ച അംപയറെ ചീത്ത വിളിച്ചു. 2016 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരം ഹർഭജൻ സിങ്ങുമായി വഴക്കുണ്ടാക്കി. 2018 കർണാടകയ്ക്കെതിരെ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഹൈദരാബാദിനെ നയിച്ച റായുഡു അംപയർമാരുമായി തർക്കമുണ്ടാക്കി. ഫലമോ രണ്ടു കളികളിൽ വിലക്ക്.
Comments

COMMENTS

error: Content is protected !!