ആനകളില്ലാതെ അമ്പാരിയില്ലാതെ, ആളും ആഘോഷങ്ങളുമില്ലാതെ പൂരം ദിനത്തില്‍ നിശബ്ദമായി തൃശ്ശൂര്‍

തൃശ്ശൂര്‍: ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരം ഇന്ന് നടക്കും. ഒമ്പതുമണിയോടെ താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പാറമേക്കാവ്,  തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടയ്ക്കും. പൂരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ പൂരം ഉപേക്ഷിക്കേണ്ടി വരുന്നത്. പൂരം നടക്കാത്ത ഒരു കാലത്തേക്കുറിച്ച് കേട്ടുകേഴ്‌വിയില്ലാതിരുന്ന ഒരു നാടിന് മുന്നിലാണ് കൊറോണ മഹാമാരിയും അതേതുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വന്നുചേര്‍ന്നിരിക്കുന്നത്.

 

കഴിഞ്ഞ കൊല്ലം ആളും ആര്‍പ്പുവിളികളുമായി നിറഞ്ഞുനിന്ന വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇന്ന് നിശബ്ദമാണ്. ഒരുപൂരം മുതല്‍ അടുത്ത പൂരം വരെയെന്ന തൃശ്ശൂര്‍കാരുടെ കാലഗണനയെയാണ് ഈ നിയന്ത്രണങ്ങള്‍ താളം തെറ്റിച്ചിരിക്കുന്നത്. എങ്കിലും ആളുകള്‍ ഈ യാഥാര്‍ഥ്യത്തോട്‌ പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

 

തിരുവമ്പാടി, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 10 ക്ഷേത്രങ്ങളാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാന്‍ എത്തുന്നതോടു കൂടി ആരംഭിക്കുന്ന പൂരം അടുത്ത ദിവസം ഉച്ചയോടുകൂടിയാണ് അവസാനിക്കുക.

 

ഇത്തവണ ഒരു ആനയെ മാത്രം വെച്ച് പൂരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.

 

പൂരവുമായി ബന്ധപ്പെട്ട് വലിയ താന്ത്രിക ചടങ്ങുകള്‍ അധികമില്ല. പൂരം കൊടിയേറിയതിന് ശേഷം മറ്റ് ദിവസങ്ങളിലെല്ലാം ആറാട്ട് നടക്കും. ഇതല്ലാതെ പ്രധാനപ്പെട്ട മറ്റ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുന്നില്ല. ഇക്കാരണത്താലാണ് ഇന്ന് ഒമ്പതുമണിയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്.

 

മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങി തൃശ്ശൂര്‍ പൂരത്തിന്റെ അടയാളങ്ങള്‍ ഒന്നുംതന്നെ ഇത്തവണയില്ല. ചരിത്രത്തിലെ അപൂര്‍വതയായി ഇത് രേഖപ്പെടുത്തും.
Comments
error: Content is protected !!