ഇളനീര്‍ ലഭ്യത താഴോട്ട്; മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞത് 25 ശതമാനം

തേ  ങ്ങയ്ക്ക് വിലയില്ല, താങ്ങുവിലകൂട്ടണം എന്നിങ്ങനെ ആവശ്യങ്ങളുയരുന്ന കേരകൃഷി മേഖലയ്ക്ക് ഭീഷണിയായി പ്രളയശേഷം തെങ്ങുകളുടെ ഉത്പാദനക്ഷമത കുറയുന്നു. അതിന് തെളിവായി കേരളത്തിലെ ഇളനീര്‍ വിപണിയുടെ ഗതിയും കാലങ്ങളായി താഴോട്ടാണെന്നാണ് വിവരങ്ങള്‍. 2015-16 വര്‍ഷത്തില്‍ ആറായിരം ദശലക്ഷം ഉണ്ടായിരുന്ന നാളികേര ഉത്പാദനം 2018-19-ല്‍ രേഖപ്പെടുത്തിയ 4500 ദശലക്ഷമായി കുറഞ്ഞു. ഇളനീരിന്റെ ലഭ്യതയിലും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്ക് 25 ശതമാനത്തോളം കുറവുണ്ടായതായി നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

നാളികേരത്തിന് ഒന്നിന് ശരാശരി 10 രൂപയിലധികം കിട്ടാത്തപ്പോള്‍ ഇളനീരിന് ഒന്നിന് മൊത്തവില 18 മുതല്‍ 24 രൂപവരെയാണ്. പ്രളയശേഷമുണ്ടായ റൂഗോസ് വെള്ളീച്ച, ചെമ്പന്‍ചെല്ലി, തണ്ടുതുരപ്പന്‍ എന്നിവയുടെ ആക്രമണവും മണ്ഡരി, കാറ്റുവീഴ്ച, കൂമ്പുചീയല്‍ എന്നീ രോഗങ്ങളും കായ് ഉത്പാദനത്തെ ബാധിക്കുന്നു. ഉത്പാദനം കുറഞ്ഞത് ഇളനീര്‍വെട്ടി വില്‍ക്കുന്നതില്‍നിന്നും കേരകര്‍ഷകരെ തടയുന്നു. നാടന്‍ ഇളനീരിന് ഒന്നിന് 30 രൂപവരെയാണ് ചിലറ വില്‍പ്പന വില. നാളികേരം പാകമാകാന്‍ ഒരുവര്‍ഷം സമയമെടുക്കുമ്പോള്‍ ഇളനീര്‍ ആറുമാസംകൊണ്ട് വെട്ടിയെടുക്കാം.

 

ലക്ഷങ്ങളുടെ വില്‍പ്പന

 

നാടന്‍ ഇളനീരിന്റെ ലഭ്യതക്കുറവ് കാരണം കാലങ്ങളായി അന്യസംസ്ഥാനത്തുനിന്ന് വരുന്ന ഇളനീരിനെയാണ് വിപണി ആശ്രയിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുവരുന്നവയ്ക്ക് വിപണിയില്‍ 25 രൂപയാണ് വില. സീസണില്‍ കോഴിക്കോട്ടേക്ക് തമിഴ്‌നാട്ടില്‍നിന്ന് ദിവസേന പത്ത് ലോഡോളം ഇളനീരെത്തുന്നുണ്ടെന്നാണ് കണക്ക്.

 

കയറ്റുമതിക്ക് വന്‍സാധ്യത

 

കഴിഞ്ഞ സീസണില്‍ ഗള്‍ഫ് നാടുകളില്‍ പോളിഷ് ചെയ്ത ഇളനീരിന് ഒന്നിന് 12 ദിര്‍ഹമായിരുന്നു വില (എകദേശം 220 രൂപ). ചിലയിടങ്ങളില്‍ അത് 15 ദിര്‍ഹം വരെയും ഉയര്‍ന്നിരുന്നു. ഇളനീര്‍ സംസ്‌കരിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് വിപണിയുടെ സിംഹഭാഗവും കൈയാളുന്നത്.

 

കേരളത്തില്‍ കോക്കോട്രീ എന്ന ഇളനീര്‍ സംസ്‌കരണ കമ്പനി നടത്തുന്ന മുഹമ്മദ് ഷാജഹാനാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തി. പാലക്കാട് കേന്ദ്രമാക്കിയാണ് ഇദ്ദേഹത്തിന്റെ വിപണി. കേരളത്തില്‍നിന്ന് ഇളനീര്‍ വേണ്ടത്ര ലഭ്യമാവാത്തതിനാല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി, മധൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏജന്റുമാര്‍ മുഖേനെയാണ് ഇപ്പോള്‍ ഇളനീരെത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

 

സംസ്‌കരണം

 

കര്‍ഷകരില്‍നിന്ന് ഏജന്റുമാര്‍ മുഖേനെ സംഭരിക്കുന്ന ഇളനീര്‍ കഴുകിവൃത്തിയാക്കി അതിന്റെ പുറന്തോല്‍ ചെത്തിയൊരുക്കി എട്ടുമിനിറ്റോളം രാസലായനിയില്‍ മുക്കിവെക്കുന്നു. പിന്നീട് പോളിത്തീന്‍ പേപ്പര്‍, തെര്‍മോക്കോള്‍ നെറ്റ്, വീണ്ടും പോളിത്തീന്‍ നെറ്റ് എന്നിവയില്‍ പൊതിഞ്ഞശേഷം തെര്‍മോക്കോള്‍ ബോക്‌സില്‍ ഐസിട്ട് അതില്‍ നിരത്തിവെച്ച് പാക്ക്‌ചെയ്താണ് കയറ്റിയയക്കുന്നത്. നിലവില്‍ ബെംഗളൂരുവിലാണ് സംസ്‌കരണ കമ്പനിയുള്ളത്.

 

പ്രതിസന്ധികള്‍

 

കേരളത്തിലെ തെങ്ങുകളുടെ ഉയരക്കൂടുതലാണ് കര്‍ഷകരെ ഇളനീര്‍വെട്ടിയിറക്കുന്നതില്‍നിന്ന് പിന്നാക്കം വലിക്കുന്നത്. ഇളനീര്‍ തെങ്ങില്‍നിന്ന് കെട്ടിയിറക്കുമ്പോള്‍ ഉണ്ടാകുന്ന കൂലിച്ചെലവാണ് ഒരു പ്രശ്‌നം. കുള്ളന്‍ തെങ്ങിന്റെ തൈകള്‍ ഇവിടെ ആവശ്യത്തിന് ഉത്പാദിപ്പിക്കാത്തതും ഒരു പ്രശ്‌നമാണ്.  ഒരു വര്‍ഷത്തേക്ക് മൂന്നുലക്ഷം അത്യുത്പാദശേഷിയുള്ള തൈകള്‍ ആവശ്യമുള്ളപ്പോള്‍ ലഭ്യമാക്കപ്പെടുന്നത് ആകെ 2500 ഓളം മാത്രമാണ്.

 

കുള്ളന്‍ തൈകള്‍ക്ക് വ്യാപകമായുണ്ടാകുന്ന കീടശല്യം മറ്റൊരു പ്രധാന പ്രശ്‌നമാണ്. കൂമ്പിന് മധുരം കൂടുതലുള്ളതുകൊണ്ടാണ് കീടങ്ങള്‍ ഇവയെ പെട്ടെന്ന് ആക്രമിക്കുന്നത്. ഇളനീര്‍ ഉപയോഗശേഷം വലിച്ചെറിയുന്ന തൊണ്ട് ഒരു മാലിന്യപ്രശ്‌നമായി മാറുന്നതും ഇളനീര്‍ വിപണിയെ ബാധിക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള കേരഗ്രാമം പദ്ധതിയിലൂടെ അത്യുത്പാദ ശേഷിയുള്ള കുള്ളന്‍ തൈകളുടെ വിതരണം കാര്യക്ഷമമാക്കുകയും കൃത്യമായ പരിചരണത്തിലൂടെ ഉയരം കുറഞ്ഞതെങ്ങുകളുള്ള തോട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ ലോകവിപണിയില്‍ത്തന്നെ കേരളത്തിലെ ഇളനീരിന് ഒന്നാംസ്ഥാനം നേടിയെടുക്കാം.

 

ഉത്പാദനം കുറഞ്ഞു

 

കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നാളികേരത്തിന്റെയും ഇളനീരിന്റെയും ഉത്പാദനം കുറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ അഞ്ചുജില്ലകളൊഴിച്ച്  ബാക്കി ഒന്‍പതിടത്തും ഉത്പാദനത്തില്‍ നല്ല കുറവാണ് രേഖപ്പെടുത്തുന്നത്. കാറ്റുവീഴ്ചയാണ് തെക്കന്‍ ജില്ലകളില്‍ ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നത്.

 

വസന്തകുമാര്‍ വി.സി. (സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, നാളികേര വികസനബോര്‍ഡ്)

 

ഇളനീര്‍ കിട്ടാനില്ല

 

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇളനീര്‍ ലഭ്യത കുറഞ്ഞു. മുമ്പ് പാലക്കാടന്‍ ഗ്രാമങ്ങളില്‍നിന്നും 18 രൂപയ്ക്കു കിട്ടിയിരുന്ന ഇളനീര്‍ ഇപ്പോള്‍ 24 രൂപ കൊടുത്താലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഇപ്പോള്‍ തമിഴ്‌നാടിനെയും കര്‍ണാടകത്തെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. സംസ്‌കരണത്തിനുള്ള ചെലവും കൂടിയിരിക്കുന്നു.
Comments

COMMENTS

error: Content is protected !!