ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു വിനോദസഞ്ചാര വാതിൽ തുറക്കും ; തുറക്കൽ നിർദേശങ്ങൾ സർക്കാരിന്‌ സമർപ്പിച്ചു

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ  മൂന്നുഘട്ടമായി തുറക്കും. സെപ്‌തംബർ 15, ഒക്ടോബർ ഒന്ന്‌, 15 എന്നീ തീയതികൾ ലക്ഷ്യമിട്ടുള്ള തുറക്കൽ നിർദേശങ്ങൾ ടൂറിസം വകുപ്പ്‌ സർക്കാരിന്‌ സമർപ്പിച്ചു. ആരോഗ്യം അടക്കമുള്ള വകുപ്പുകളുമായി വിശദ ചർച്ച ആവശ്യമായതിനാൽ തീയതികളിൽ മാറ്റം വരാം. ഈ മാസംതന്നെ തുറക്കണമെന്നതാണ്‌ പൊതുനിലപാട്‌.

കോവിഡ്‌ പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തും. ആദ്യം അഭ്യന്തര ടൂറിസ്‌റ്റുകൾക്ക്‌ അവസരമൊരുക്കും. ഒന്നാംഘട്ടത്തിൽ, ടിക്കറ്റ്‌ ഉപയോഗിച്ച്‌ പ്രവേശന നിയന്ത്രണം ഉറപ്പാക്കിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കണമെന്നാണ്‌ നിർദേശം. രണ്ടാംഘട്ടത്തിൽ ഹിൽ സ്‌റ്റേഷനുകൾ, ഹൗസ്‌ ബോട്ടുകൾ തുടങ്ങിയവ. മുന്നാംഘട്ടത്തിലാണ്‌ കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ള ബീച്ചുകൾ അടക്കം തുറക്കുക.

നഷ്ടം 20,000 കോടി
കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽനിന്ന്‌ സംസ്ഥാന അഭ്യന്തര മൊത്ത ഉൽപ്പാദനത്തിലേക്കുള്ള സംഭാവന 45,000 കോടി രൂപയാണ്‌. ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ചത്‌ 50,000 കോടിയും. ആറുമാസത്തെ അടച്ചുപൂട്ടലിലെ നഷ്ടം 20,000 കോടി കവിയുമെന്നാണ്‌ വിലയിരുത്തൽ. ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടും ഇത്‌ ശരിവയ്‌ക്കുന്നു.

35 ലക്ഷംപേരുടെ ഉപജീവന മാർഗമാണ്‌ ടൂറിസം മേഖല. 15 ലക്ഷം പേർ നേരിട്ട്‌ തൊഴിലെടുക്കുന്നു. 20 ലക്ഷത്തിലേറെപേർ പരോക്ഷമായും. 4000 ഹോട്ടൽ, റിസോർട്ടുകൾ, ആയിരത്തിൽപരം ഹൗസ്‌ ബോട്ട്‌, നൂറിലേറെ ആയുർവേദ കേന്ദ്രം,  ആയിരത്തിൽപരം ടൂർ ഓപ്പറേറ്റിങ്‌ സ്ഥാപനങ്ങൾ, സാഹസിക വിനോദ സഞ്ചാര യൂണിറ്റ്‌ തുടങ്ങിയവ അടഞ്ഞുകിടക്കുന്നു.
തുറക്കൽ അനിവാര്യം

ഗോവ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്‌, കർണാടക, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌  തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കോൺഫെഡറേഷൻ ഓഫ്‌ കേരള ടൂറിസം ഇൻഡസ്‌ട്രി പ്രസിഡന്റ്‌ ഇ എം നജീബ്‌ പറഞ്ഞു.  നിരീക്ഷണ വ്യവസ്ഥകളിലും യാത്രാ നിയന്ത്രണങ്ങളിലും സഞ്ചാരികൾക്ക്‌ ഇളവ്‌ നൽകി. സാമൂഹ്യ അകലമടക്കം നിയന്ത്രണങ്ങളിലൂടെ രോഗവ്യാപന സാധ്യതകളും അടയ്‌ക്കുന്നു. ഇതാണ്‌ കേരളവും നടപ്പാക്കേണ്ടതെന്നും നജീബ്‌ പറഞ്ഞു.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു
സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് പെരുമറ്റച്ചട്ടം കർശനമായി പാലിച്ചാണ്‌  പ്രവർത്തനം‌. വനാശ്രിത സമൂഹത്തിലെ ദുർബല വിഭാഗക്കാരായ 2000 പേരെ പ്രത്യക്ഷമായും, 70000 കുടുംബങ്ങളെ പരോക്ഷമായും സഹായിക്കാൻ കൂടിയായിരുന്നു  തീരുമാനം.

പത്തിനും 65 നുമിടയിൽ പ്രായമുള്ളവർക്ക്‌ മാത്രമാണ്‌ പ്രവേശനം.  കഫറ്റീരിയകൾ അടക്കം തുറന്നു.  ഭക്ഷണം  പാഴ്സലായി മാത്രമേ നൽകൂ. ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്

Comments

COMMENTS

error: Content is protected !!