ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ അനിശ്ചിതത്വത്തില്‍; ശ്രീകാന്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിയിലെ കെ.ഡി.യാദവ് ഇന്‍ഡോര്‍ ഹാളില്‍ വെച്ച് നടക്കുന്ന ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഭീഷണിയായി കോവിഡ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏഴുതാരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗം ഭീഷണിയുയര്‍ത്തിയതോടെ പലതാരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. രോഗം സ്ഥിരീകരിച്ച ഏഴുതാരങ്ങളും ഇന്ത്യക്കാരാണ്.

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യയുടെ പുരുഷ ടോപ്‌സീഡ് താരം കിഡംബി ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, റിതിക രാഹുല്‍ ഥാക്കര്‍, ട്രീസ ജോളി, മിഥുന്‍ മഞ്ജുനാഥ്, സിമ്രാന്‍ അമന്‍, ഖുശി ഗുപ്ത എന്നീ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.

ഈ താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് താരങ്ങള്‍ നിര്‍ബന്ധമായും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറമെന്ന് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് അറിയിച്ചു. കോവിഡ് ബാധിച്ച താരങ്ങള്‍ക്കെതിരേ കളിക്കുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിക്കും.

എന്‍ സിക്കി റെഡ്ഡി, കാവ്യ ഗുപ്ത, ഗായത്രി ഗോപിചന്ദ് എന്നീ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. സൈന നേവാള്‍, പി.വി.സിന്ധു, ലക്ഷ്യ സെന്‍, എച്ച്.എസ്.പ്രണോയ് തുടങ്ങിയ താരങ്ങള്‍ ഇതിനോടകം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ പ്രവേശിച്ച ശ്രീകാന്തിന് ടൂര്‍ണമെന്റ് നഷ്ടമാകും.

Comments

COMMENTS

error: Content is protected !!