ഇ ബുൾ ജെറ്റ് വ്ളോഗറുടെ കാരവൻ റജിസ്ട്രേഷൻ റദ്ദാക്കി

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ  ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് റദ്ദാക്കൽ.

വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. ഇവ തിരികെയാക്കാൻ കഴിയില്ലെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. നിലവില്‍ ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. വാഹനം സ്‌റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി ഉണ്ടാവും എന്ന മുന്നറിയിപ്പുമുണ്ട്.

ആറ് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ബഹളമുണ്ടാക്കിയത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

ബഹളം വെച്ചതിന് തുടർച്ചയായി ഓഫീസില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പതോളം വകുപ്പുകള്‍ ചുമത്തി വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തില്‍ ഉള്ളതെന്നും ഇ ബുള്‍ജെറ്റ് അവകാശപ്പെടുന്നുണ്ട്. ആയരക്കണക്കിന് കാണികളുള്ള വ്ളോഗാണ് ഇവരുടെത്. വൻ ജനപ്രീതി ലഭിച്ച അവതരണമാണ്. എന്നാൽ പ്രശ്നത്തിൽ നിയമത്തെ വെല്ലുവിളിക്കുന്ന സമീപനങ്ങൾ ഉണ്ടായതോടെയാണ് നടപടികൾ കടുത്തത്.

Comments

COMMENTS

error: Content is protected !!