DISTRICT NEWSKOYILANDILOCAL NEWS

ഈ സ്വപ്‌നക്കൂടിലുണ്ട്‌ സ്‌നേഹവും സന്തോഷവും

കൊയിലാണ്ടി:രാവിലെ ഒമ്പതാകുമ്പോഴേക്കും വീട്ടിനു മുമ്പിൽ വാഹനമെത്തും. അതിൽ കയറി കച്ചേരിപ്പാറയിലെ ആശ്രയ സായംപ്രഭയിലേക്ക്‌. വൈകിട്ട്‌ അഞ്ചിന്‌ വാഹനത്തിൽ തിരികെ വീട്ടിലേക്കും. ഇതിനിടയിൽ  സമ്മാനിക്കുന്നത് പരസ്‌പര സ്‌നേഹത്തിന്റെയും കരുതലിന്റെയും പങ്കുവയ്‌ക്കലിന്റെയും ആഹ്ലാദ  നിമിഷങ്ങൾ. അറുപത്‌ വയസുകഴിഞ്ഞ മേലൂരിലെ മീത്തൽ മാധവൻനായരും, ലക്ഷ്മിഅമ്മയും, രാമൻകുട്ടിയും എളാട്ടേരിയിലെ ബാലകൃഷ്ണൻ നമ്പ്യാരുമെല്ലാം പകൽവീട്ടിൽ പുതുജീവിതം തുന്നുകയാണ്‌. സാമൂഹ്യക്ഷേമവകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഒരേയൊരു പകൽവീടാണ്‌ ജില്ലാ പഞ്ചായത്തിന് കീഴിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കച്ചേരിപ്പാറയിൽ പ്രവർത്തിക്കുന്ന ആശ്രയ സായംപ്രഭ. പകൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നവർക്കുള്ള പകൽവീട്ടിൽ 44 പേരുണ്ട്‌. പ്രവൃത്തിസമയം രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ച്‌വരെയും.
വർഷങ്ങൾക്കു മുമ്പ്‌ ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാങ്ങിയ സ്ഥലത്താണ്‌ രണ്ടു കെട്ടിടങ്ങൾ ജില്ലാ പഞ്ചായത്ത് പണിതത്. മന്ത്രി ടി പി രാമകൃഷ്ണൻ കെട്ടിടോദ്‌ഘാടനം നിർവഹിച്ചു. പകൽവീട്ടിലെത്തുന്നവർക്ക്‌ രണ്ട്‌നേരം ചായയുണ്ട്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. തെറാപ്പിസ്‌റ്റ്‌ ശൃംഗയുടെ നേതൃത്വത്തിൽ ഫിസിയോ തെറാപ്പിയുണ്ട്. മിനി ജിംനേഷ്യവും പ്രവർത്തിക്കുന്നു. യോഗ നടത്താൻ പരിശീലകയുണ്ട്. കാരംസ്,  ലൂഡോ, ചെസ്, ടെലിവിഷൻ, വായിക്കാൻ ലൈബ്രറി എന്നിവയുണ്ട്‌. കുക്കറി, ഫ്ലവർ മേക്കിങ്, കൂൺകൃഷി ഇവയിൽ താൽപ്പര്യമുണ്ടെങ്കിൽ പരിശീലിക്കാം.  പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ പരിശോധനക്കെത്തും. നിരവധി മെഡിക്കൽ ക്യാമ്പുകളും നടക്കുന്നു. സ്‌റ്റാഫ്‌ നേഴ്‌സ്‌ കെ എം നിഷ, കെയർടേക്കർ  കെ കെ നിഷ എന്നിവർ സഹായത്തിനായുണ്ടാകും.
  ആദ്യ മൂന്നു വർഷത്തേക്ക് പ്രവർത്തനങ്ങൾ ഏറ്റെടുത്തത് ഹിന്ദുസ്ഥാൻ ലാറ്റക്സാണ്.  വിനോദയാത്ര ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കാറുണ്ടെന്ന്‌ സെന്റർ കോർഡിനേറ്റർ പി മൊഹിഷ പറയുന്നു.
അനാഥാലയമാണെന്ന് കരുതി ഇവിടേക്ക് വരാൻ പലരും മടിച്ചെങ്കിലും ഇപ്പോൾ സ്ഥിതിയാകെ മാറിയെന്ന്‌ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ ഗീതാനന്ദൻ, പുഷ്പ കുറുവണ്ണാരി എന്നിവർ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button