എച്ച് എം എസ് പ്രവർത്തകർ പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്റ്ററ്റ് മാനേജ്മെന്‍റ് സ്വീകരിക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാട്; മനയത്ത് ചന്ദ്രൻ

പേരാമ്പ്ര: പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ കീഴിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  
പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികൾ,എച്ച് എം എസ് നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസിലേക്ക്‌ മാർച്ച് നടത്തി. എച്ച് എം എസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മനയത്തു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി ഇവിടെ ശമ്പള വർദ്ധനവ് നടപ്പാക്കിയിട്ടില്ല. കാലാകാലമായി കിട്ടിക്കൊണ്ടിരുന്ന മോട്ടിവേഷൻ, മെഡിക്കൽ, യുനിഫോം അലവൻസുകൾ, ലീവ് ആനുകൂല്യങ്ങൾ എന്നിവ വർഷങ്ങളായി തടഞ്ഞു വെച്ചിരിക്കുകയാണ്.

ജീവനക്കാരും മാനേജ്മെന്റും സർവ്വ ആനുകൂല്യങ്ങളും അനുഭവിക്കുകയും കോർപ്പറേഷന്റെ നഷ്ടക്കണക്കു പറഞ്ഞു് തൊഴിലാളികൾക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന വിരോധാഭാസം കൈയും കെട്ടി നോക്കിയിരിക്കാൻ എച്ച് എം എസ് തയ്യാറല്ലെന്നും അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്നും മനയത്തു ചന്ദ്രൻ പറഞ്ഞു. എസ്റ്റേറ്റിൽ മിനിമം കൂലി നടപ്പാക്കണമെന്നും തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുണിയൻ പ്രസിഡണ്ട് കെ ജി രാമനാരായണൻ അധ്യക്ഷനായിരുന്നു. കെ വി ബാലൻ, വിജു ചെറുവത്തൂർ, സി ഡി പ്രകാശ്, വർഗീസ് കോലത്തുവീട്ടിൽ, ഷാജി വട്ടോളി, ഭാസ്കരൻ പേരാമ്പ്ര, എൻ കെ പ്രേമലത എന്നിവർ സംസാരിച്ചു. സി കെ സുരേഷ്, കെ ജെ ജോഷി, സിന്ധു മൈക്കിൾ, ജെ പി ജിൻസി, വിപിൻ ജോസഫ്, ബിജു ദേവസ്യ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!