എച്ച്1എന്‍1 ;  പനി നിയന്ത്രണ വിധേയം

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്.1എന്‍.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈദ്യപരിശോധന സൗകര്യം വരും ദിവസങ്ങളിലും തുടരും.  മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കണ്‍ട്രേള്‍ റൂമില്‍ നിന്നും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും തല്‍സ്ഥിതി ഫോണ്‍ മുഖേന ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പനിയുള്ളവര്‍ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടണമെന്ന നിര്‍ദ്ദേശം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്‍കി.  എച്ച്.1എന്‍.1 സംബന്ധമായ സംശയങ്ങള്‍ക്ക് മുക്കം സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ – 0495 2297260.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന 18 സ്‌ക്വാഡുകള്‍ 18 വാര്‍ഡും കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശിച്ച് ലഘുരേഖവിതരണവും ബോധവത്ക്കരണവും നടത്തി.  പുതുതായി കണ്ടെത്തിയ പനിയുള്ളവരെ കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കും ആനയാംകുന്ന് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പനി ക്ലിനിക്കിലേയ്ക്കും റഫര്‍ ചെയതു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി, കേന്ദ്ര ആരോഗ്യവകുപ്പ് പ്രതിനിധി ഡോ. ഷൗക്കത്തലി, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍, എച്ച്.1.എന്‍.1 ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.കെ.ജെ മൈക്കിള്‍, ഡി.പി.എം. ഡോ. എ.നവീന്‍ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.  ബ്ലോക്ക് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മനുലാല്‍ കാരശ്ശേരി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹനന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Comments

COMMENTS

error: Content is protected !!