എയർഇന്ത്യ വീണ്ടും വിൽപനയ്ക്ക്

കേന്ദ്ര ഭരണത്തിൽ തിരിച്ചെത്തിയതോടെ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യയുടെയും അഞ്ച് ഉപകമ്പനികളുടെയും സ്വകാര്യവൽക്കരണ നീക്കവുമായി മോദി സർക്കാർ വീണ്ടും മുന്നോട്ട്. 2017ൽ ആരംഭിച്ച നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഓഹരികൾ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിക്കാതിരുന്നതിനാൽ കൂടുതൽ ഇളവുകളോടെയാകും ഇത്തവണ നടപടികൾ സ്വീകരിക്കുക.

 

സ്വകാര്യവൽക്കരണ നടപടികൾക്കു നേതൃത്വം നൽകുന്ന മന്ത്രിതലസമിതിയിൽ പുതിയ മന്ത്രിസഭ വന്നതോടെ മാറ്റം വന്നു. പഴയ സിമിതിയിലെ മന്ത്രി നിതിൻ ഗഡ്കരി തുടരും. മന്ത്രിമാരായ നിർമല സീതാരാമനും ഹർദീപ് സിങ് പുരിയുമാണ് പഴയ സമിതിയിലെ അരുൺ ജയ്റ്റ്ലിക്കും സുരേഷ് പ്രഭുവിനും പകരം സമിതിയിലുള്ളത്. പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരവും സമിതിക്കു നൽകിയിട്ടുണ്ട്.

 

എയർഇന്ത്യ ഉൾപ്പെടെനഷ്ടത്തിൽ പ്രവർത്തിക്കുന്ന ഏതാണ്ട് രണ്ട് ഡസനോളം  കമ്പനികൾ വിൽപന നടത്താനാണ് ഇപ്പോൾ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുവഴി അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾക്കായി 90,000 കോടി രൂപ ഈ വർഷം സമാഹരിക്കുകയാണ് ലക്ഷ്യം. അതേസമയം നഷ്ടത്തിലുള്ള കമ്പനികൾ മാത്രമല്ല, മറ്റു കമ്പനികളുടെ നടത്തിപ്പും സ്വകാര്യ മേഖലയ്ക്കു നൽകുന്ന തരത്തിൽ സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിൽ മാറ്റവും വരുത്തിയിട്ടുണ്ട്.

 

അതേ സമയം പഴയ കമ്പനിയായ ഇന്ത്യൻ എയർലൈൻസുമായി സംയോജിച്ച 2007 മുതൽ എയർഇന്ത്യ നേരിടുന്ന നഷ്ടം ഇക്കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം വർധിച്ച് 7600 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം എയർഇന്ത്യയുടെ വരുമാനം 26000 കോടി രൂപയായിരുന്നു. എന്നാൽ ചെലവ് 33600 കോടിയായി. വർധിച്ച ഇന്ധനവില, വിമാനങ്ങൾ പലതും സർവീസുകൾക്ക് ഉപയോഗിക്കാത്തത് തുടങ്ങിയ നിരവധി കാരണങ്ങളാണ് നഷ്ടം കുതിച്ചുയരാൻ കാരണമായത്.

 

പാക്കിസ്ഥാൻ വഴിയുള്ള വ്യോമപാത ഉപയോഗിക്കാൻ കഴിയാതിരുന്നതു മൂലം എയർഇന്ത്യയ്ക്കുണ്ടായ അധികച്ചെലവു മാത്രം 300 കോടി രൂപ വരും. കഴിഞ്ഞ വർഷം വരെ എയർഇന്ത്യ പ്രവർത്തനലാഭം നേടിയിരുന്നു. എന്നാൽ കനത്ത കടഭാരത്തിനു നൽകേണ്ടി വരുന്ന പലിശ കുറച്ചാൽ അന്തിമ കണക്കുകൾ നഷ്ടത്തിലാകും. ഇക്കഴിഞ്ഞ വർഷം പ്രവർത്തനവും നഷ്ടമായി. റൂട്ട് മാറേണ്ടി വന്നതു മൂലം അധികം ചെലവായ 300 കോടിയാണിതിനു കാരണമായത്.

 

ഈ സാമ്പത്തിക വർഷം 8000 കോടി രൂപ വിമാനങ്ങൾ വാങ്ങിയ ഇനത്തിൽ മാത്രം തിരിച്ചടയ്ക്കേണ്ടതുണ്ട്. മറ്റു വായ്പകളുടെ തിരിച്ചടവ് 4000 കോടിയാണ്. അങ്ങിനെ നടപ്പു സാമ്പത്തികവർഷം കടം തിരിച്ചടക്കാൻ മാത്രം 12000 കോടി രൂപ എയർഇന്ത്യയ്ക്കു കണ്ടെത്തേണ്ടി വരും.

 

എയർഇന്ത്യയുടെ 23 ചെറുതും വലുതുമായ വിമാനങ്ങൾ എൻജിൻ തകരാറാലും മറ്റും സർവീസ് നടത്താനാകാതെ കട്ടപ്പുറത്തിരിക്കുകയാണ്. 500 കോടി രൂപ ലഭിച്ചാൽ ഇവയെല്ലാം പ്രവർത്തനക്ഷമമാക്കി സർവീസ് നടത്തുന്നതിലൂടെ എയർഇന്ത്യയുടെ വരുമാനം വർധിപ്പിക്കാം. കൂടുതൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുള്ള എയർഇന്ത്യയിൽ നിക്ഷേപകർക്ക് കൂടുതൽ താൽപര്യമുണ്ടാകുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാരും എയർഇന്ത്യയെ സഹായിച്ചേക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

 

ഇപ്പോൾ എയർഇന്ത്യയുടെ പ്രവർത്തന മികവ് പൊതുവെ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതാണ്. എന്നാൽ 58000 കോടിയോളം വരുന്ന കടം എന്തു ചെയ്യുമെന്നുള്ളതാണ് നിക്ഷേപകരുടെ പ്രധാന ആശങ്ക. ആദ്യ വിൽപന നീക്കത്തിൽ 29,500 കോടിയോളം രൂപയുടെ കടം ഒഴിവാക്കി ബാക്കിയുള്ള ബാധ്യതയുൾപ്പെടെ എയർഇന്ത്യയുടെ 75 ശതമാനം ഓഹരികൾ വിൽപന നടത്താനായിരുന്നു നീക്കം. എന്നാൽ ഇതിൽ നിക്ഷേപകർ ആകൃഷ്ടരായില്ല. പുതിയ നീക്കത്തിൽ കൂടുതൽ കടം ഒഴിവാക്കിയ ശേഷം കമ്പനിയുടെ 100 ശതമാനം ഓഹരികളും വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്.

 

നിലവിൽ ജെറ്റ് എയർവേയ്സ് വിൽപന നടത്താൻ ബാങ്ക് സമിതി കഷ്ടപ്പെടുന്ന സമയത്ത് എയർഇന്ത്യ ഏറ്റെടുക്കാൻ നിക്ഷേപകരെ കണ്ടെത്തുന്നത് പ്രയാസമായിരിക്കുമെന്നാണ് പൊതുവെ കരുതുന്നത്. എന്നാലും എയർഇന്ത്യക്ക് ലോകമെങ്ങുമുള്ള നഗരങ്ങളിലേക്ക് പറക്കാനുള്ള അവകാശം വലിയ ആകർഷണമാണ്. അതോടൊപ്പം സ്വന്തമായുള്ള വലിയ വിമാനങ്ങളും മികച്ച പരിശീലനം നേടിയിട്ടുള്ള ജീവനക്കാരും വൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിലുള്ള മികച്ച സൗകര്യങ്ങളും അനുവദിച്ചിരിക്കുന്ന സമയവും തുണയായേക്കും. വിൽപന നടപടികൾ ആരംഭിച്ച് 100 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Comments

COMMENTS

error: Content is protected !!