എല്‍പിജി വാഹന ഉടമകള്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: സിഎന്‍ജി, ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ പ്രകൃതി സൗഹൃദ എല്‍പിജി വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ.
കോഴിക്കോട് നഗരത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറിലധികം എല്‍പിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലഭിക്കാതെ കഷ്ടത്തിലായിരിക്കുന്നത്.
സരോവരത്തെ ഒരു പമ്പ് മാത്രമാണ് കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകള്‍ക്ക് എല്‍പിജി നിറയ്‌ക്കാന്‍ ആകെയുള്ളത് . അതാകട്ടെ വൈകുന്നേരം 7 മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. പിന്നെ കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ് ഉള്ളത്. എല്‍പിജി നിറയ്‌ക്കാനായി വേണ്ടിമാത്രം കിലോമീറ്ററുകളോളം ഓടേണ്ട സ്‌ഥിതിയാണ് നിവിലുള്ളത്.
സര്‍ക്കാര്‍ നടത്തിയ പ്രചാരണത്തിന്റെ അടിസ്‌ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ എല്‍പിജിയിലേക്ക് മാറിയത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രതിസന്ധി രൂക്ഷമായതോടെ ജനപ്രതിനിധികള്‍ക്കും ജില്ലാ കളക്‌ടര്‍ക്കും നിരന്തരം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇല്ലെന്നും അവർ പറയുന്നു.