എൻ.ഡി.എയിലും നേവൽ അക്കാദമികളിലും വനിതകൾക്കും പ്രവേശനം. സുപ്രീം കോടതിയിൽ കേന്ദ്രം സമ്മതമറിയിച്ചു

 

 

നാഷണൽ ഡിഫൻസ് അക്കാദമിയിലും (എൻഡിഎ), നേവൽ അക്കാദമിയിലും സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിക്കാമെന്ന്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമ്മതിച്ചു. എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന്‌ ചൂണ്ടികാട്ടി സമർപ്പിച്ച ഹര്‍ജികളിൽ വാദം കേൾക്കേയാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്‌.

ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. എന്നാൽ ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി.

നിലവിൽ സ്‌ത്രീകൾക്ക്‌ പ്രവേശനം നൽകുന്നതിനാവശ്യമായ മാർഗ നിർദേശങ്ങളില്ല. അവ തയ്യാറാക്കാൻ സമയമാവശ്യമാണെന്നും ഭട്ടി കോടതിയോട്‌ ആവശ്യപ്പെട്ടു. തീരുമാനം സ്വാഗതം ചെയ്‌ത കോടതി മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ചു. മാറ്റം ഒറ്റ ദിവസം കൊണ്ടു സംഭവിക്കുന്നതല്ല, സൈനിക വിഭാഗങ്ങള്‍ ലിംഗ നീതിയുടെ കാര്യത്തില്‍ കോടതി ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ കൂടുതല്‍ ഇടപെടലുകൾ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കേസിൽ കഴിഞ്ഞ മാസം 18ന്‌ വാദം കേൾക്കുന്നതിനിടെ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. പ്രതിരോധ സേനയിൽ തുല്യത ഉറപ്പുവരുത്തുന്ന കാര്യത്തിൽ മനസിനെ പാകപ്പെടുത്താനുള്ള പ്രശ്‌നമാണ്‌ സർക്കാരിനെന്ന്‌ നിരീക്ഷിച്ച കോടതി, മാറ്റം സ്വമേധയാ ഉൾക്കൊള്ളുന്നതാകും ഉചിതമെന്നു അഭിപ്രായപ്പെടുകയും ചെയ്തിരുന്നു . ജസ്റ്റിസ് എസ് കെ കൗൾ, എം എം സുന്ദരേശ് എന്നിവർ അടങ്ങുന്ന ബെ‍ഞ്ചാണ്‌ കേസിൽ വാദം കേട്ടത്‌.

Comments

COMMENTS

error: Content is protected !!