ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും പേര് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തതായി പോലീസ് ഇന്‍സ്പെക്ടര്‍ എ.പ്രതാപ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറെ രേഖാമൂലം അറിയിച്ചു.

ഇ-പൂജ എന്ന വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി യ്ക്കും സൈബര്‍ ക്രൈം പോലീസിനും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പരാതി നല്‍കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1,346 ക്ഷേത്രങ്ങളില്‍ പല പ്രമുഖ ക്ഷേത്രങ്ങളുടേയും പേരുകള്‍ വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. പ്രമുഖ ക്ഷേത്രങ്ങള്‍ക്കെല്ലാം ഔദ്യോഗിക വെബ്സൈറ്റുണ്ടായിരിക്കെയാണ് ക്ഷേത്രങ്ങളുടെ പേരുകള്‍ വ്യാജ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ക്ഷേത്രങ്ങളിലെ ദേവീ ദേവന്‍മാരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഭക്തരെ ആകര്‍ഷിക്കുന്ന രീതിയില്‍ വെബ്സൈറ്റിന്റെ ഹോം പേജ് ഡിസൈന്‍ ചെയ്ത് 1,151 രൂപ മുതല്‍ 62,000 രൂപ വരെയാണ് വഴിപാടുകള്‍ക്ക് ഈടാക്കിയിരുന്നത്.

Comments

COMMENTS

error: Content is protected !!