കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തിരച്ചിൽ തുടരും

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടയിൽ തിരയടിയിൽപെട്ട് ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡ് ജോൺസണിനായി ഇന്നും തിരച്ചിൽ തുടരും. ജോൺസന്റെ കുടുംബത്തിന് അടിയന്തര സഹായമെത്തിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. അതേസമയം തിരയടിൽപ്പെട്ട് ബോധരഹിതനായി കിടന്ന ജോൺസനെ രക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന രണ്ട് ലൈഫ് ഗാർഡുകൾ കരയിൽ നോക്കി നിന്നതായി ദൃക്‌സാക്ഷികൾ ട്വന്റിഫോറിനോട് പറഞ്ഞു.

 

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവസമയത്ത് 5 ലൈഫ് ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനായി ജോൺസൺ കടലിൽ ചാടി. മറ്റ് രണ്ട് പേർക്കൊപ്പം യുവതിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. തുടർന്ന് വന്ന തിരയിൽപെട്ട് ജോൺസന്റെ തല കടൽ ഭിത്തിയിൽ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.

 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി എസ് ശിവകുമാർ എംഎൽഎ, ടൂറിസം ഡയറക്ടർ ബാലകിരൺ ഐഎഎസ് പൊലീസ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങി അധികൃതരെല്ലാം സ്ഥലത്തെത്തി. ഭാര്യ ശാലിനിയെയും രണ്ട് മക്കളെയും മന്ത്രി ആശ്വസിപ്പിച്ചു.
Comments

COMMENTS

error: Content is protected !!