തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. യുഎഇയിൽ അജ്മാൻ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ടാണ് അറസ്റ്റ്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് അയച്ചു. പത്തു വർഷം മുമ്പ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച തർക്കത്തിന്റെ തുടർച്ചയായാണ് അറസ്റ്റ്.
അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്‌റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തുഷാറിനെതിരെ പരാതി നൽകിയത്. എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

വെള്ളാപ്പള്ളി നടേശന്റ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്നു നാസിൽ അബ്ദുള്ള. കമ്പനി നഷ്ടത്തിലായതോടെ വെള്ളാപ്പള്ളി കമ്പനി കൈമാറി. നാസിൻ അബ്ദുള്ളയ്ക്ക് കുറച്ച് പണം കൈമാറാനുണ്ടായിരുന്നു. എന്നാൽ പണത്തിന് പകരം തീയതിവയ്ക്കാത്ത ഒരു ചെക്കാണ് നൽകിയത്. ഈ ചെക്കിന്റെ പേരിലാണ് കേസും ഇപ്പോൾ അറസ്റ്റും ഉണ്ടായിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!