കടുക്കുഴി ചിറ ഇനി ശുദ്ധജല തടാകമാവും

കൊയിലാണ്ടി. മുചുകുന്ന് കടുക്കുഴി ചിറയിലെ ചളി, മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. ചിറ ആഴം കൂട്ടി നവീകരിക്കാനുളള പണികളാണ് പുരോഗമിക്കുന്നത്. വെളളം വറ്റിച്ച് ചളി മാറ്റുന്ന പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുന്നു. തുടര്‍ന്ന് അരികുകള്‍ കരിങ്കല്ലുപയോഗിച്ച് കെട്ടി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് ചിറ നവീകരണം. കേരള ലാന്റ് ഡവലപ്പ്‌മെന്റ് ബോര്‍ഡാണ് ചിറ നവീകരണത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്.

ചിറയിലെ വെള്ളം വറ്റിച്ചതോടെ മീന്‍ പിടിക്കാനും ആളുകള്‍ കൂട്ടമായി എത്തി തുടങ്ങി. കൊയിലാണ്ടി നഗരസഭയുടെ അരികു ചേർന്ന്, മൂടാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വലിയ ജലസ്രോതസ്സാണ് കടുക്കുഴി ചിറ. മണ്‍പാത്ര നിര്‍മ്മാണത്തിനും ഓട് നിര്‍മ്മാണത്തിനുമായി കളിമണ്‍ കുഴിച്ചെടുത്താണ് ഇന്നത്തെ നിലയിൽ ചിറ രൂപപ്പെട്ടത്. കൃഷിയ്ക്കും മറ്റാവശ്യങ്ങൾക്കും ഈ വെള്ളം വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. കടുക്കുഴി ചിറ നവീകരിക്കുന്നത് പ്രദേശത്തെ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും ഉപയോഗപ്പെടുത്താം.

ചിറക്ക് ചുറ്റും നടപ്പാതയും ഒരുക്കുന്നുണ്ട്. ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുമൊരുക്കും. കുട്ടികള്‍ക്ക് പാര്‍ക്ക് ഒരുക്കാനും മൂടാടി പഞ്ചായത്തിനു പദ്ധതിയുണ്ട്. അഞ്ച് ഏക്രയിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം നവീകരിക്കുന്നതോടെ കൊയിലാണ്ടി നഗരസഭക്കും മൂടാടി പഞ്ചായത്തിനും അത് വലിയ അനുഗ്രഹമായിത്തീരും.

Comments

COMMENTS

error: Content is protected !!