കടൽ ക്ഷോഭം വർധിക്കും

 

വരും വര്‍ഷങ്ങളില്‍ കേരള തീരത്ത് കടല്‍ക്ഷോഭം ആവർത്തിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുകയാണ്. ഇത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതാണ് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷബ്ധുധമാവാന്‍ കാരണം. ഈ അവസ്ഥ വരും നാളുകളില്‍ കൂടാനാണ് സാധ്യത. കടലില്‍ ചൂട് വര്‍ധിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണ്.

. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടാകുന്ന സ്‌റ്റോം സര്‍ജ് എന്ന പ്രതിഭാസം തീരക്കടലുകളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകും.

കടല്‍ കയറുന്നതിനും തീരമേഖലകളില്‍ പ്രളയം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാതെയും നഷ്ടപ്പെട്ട ജൈവവൈവിധ്യങ്ങളുടെ ശരിയായ പുനരുജ്ജീവനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരദേശത്തെ സംരക്ഷിക്കാനുള്ള പ്രകൃതിദത്തമായ പോംവഴി.

മുംബൈയുമായി ചേര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളിലെ കടല്‍ക്ഷോഭങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കണ്ടല്‍കാടുകള്‍ സഹായകരമായി എന്ന് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുണ്ട്. കണ്ടല്‍വനവല്‍കരണം നടത്തുന്നതിനും അതുവഴി കടല്‍തീരങ്ങളിലെ ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഫോറസ്ട്രി മാതൃകയിലുള്ള പദ്ധതികളാണ് വേണ്ടത്.

തീരദേശത്തെ ഹരിതകവചമാക്കി മാറ്റുന്നതിനും അവയുടെ പരിപാലനത്തിനും റിമോട് സെന്‍സിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാമെന്നും വെബിനാര്‍ നിര്‍ദേശിച്ചു. മഹാരാഷ്ട്ര വനവികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ എന്‍.വാസുദേവന്‍ മുഖ്യാതിഥിയായി. കിഴക്കന്‍ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, ഐം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കോസ്റ്റല്‍ റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ഡോ ആര്‍.രാമസുബ്രമണ്യന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ.ഗോപാലകൃഷ്ണന്‍ തുടങ്ങിവര്‍ വെബിനാറില്‍ സംസാരിച്ചു.

Comments
error: Content is protected !!