കത്ത് വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: കത്ത് വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം സ്ഥാനത്ത് തുടരുമെന്നും മേയർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും മേയർ വ്യക്തമാക്കി. മഹിളാ കോൺഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. വിഷയത്തിൽ തുടർച്ചയായി അഞ്ചാംദിവസമാണ് പ്രതിഷേധം നടക്കുന്നത്. കോർപറേഷന് പുറത്ത് യു ഡി എഫ് പ്രവർത്തകരും അകത്ത് യു ഡി എഫ് കൗൺസിലർമാരും ധർണ നടത്തുകയാണ്. ബി ജെ പി മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.