CALICUTDISTRICT NEWS
കനലണയാതെ പ്രതിരോധം
കോഴിക്കോട്: മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ച് ഹിന്ദുരാഷ്‌ട്രം തീർക്കാനുള്ള ഭരണകൂട അജൻഡകൾക്കെതിരെ ബുധനാഴ്‌ചയും ജില്ലയിൽ വ്യാപക പ്രതിഷേധം. അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാകാരന്മാരുടെയും ട്രാൻസ്‌ജൻഡറുകളുടെയും നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു.
പൗരത്വ ബില്ലിനെതിരായ പ്ലക്കാർഡുകളുമേന്തിയായിരുന്നു മലബാർ ക്രിസ്‌ത്യൻ കോളേജിലെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തത്. കോളേജ് യൂണിയൻ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രതിഷേധ സൂചകമായി കറുത്ത വസ്‌ത്രമണിഞ്ഞായിരുന്നു കുട്ടികൾ എത്തിയത്.
പിന്തുണയുമായി അധ്യാപകരുമുണ്ടായിരുന്നു. കോളേജ് യൂcയൻ ചെയർമാൻ ടി സഞ്ജയ് ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാൻവി സത്യൻ, അനഘ ഷാജി, പി അക്ഷയ, അക്ഷയ്, പത്മജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധത്തിന്റെ പടപ്പാട്ട്
കോഴിക്കോട്
പൗരത്വ ഭേദഗതി ബില്ലിനെതിരെ പടപ്പാട്ടൊരുക്കി മാപ്പിള കലാകാരന്മാർ. പൗരത്വ ഭേദഗതി നിയമം കത്തിച്ച് അറബിക്കടലിലെറിഞ്ഞ് അവർ ഏറ്റുപാടി ‘ഒരു ജാതി, ഒരുമതം, ഒരു ദൈവം, ഓർമവേണമീ അദ്വൈത മന്ത്രം’. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, അറബന മുട്ട്, കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയ കലാകാരന്മാർ അണിചേർന്നു. മഹമ്മദലി, ബദറുദ്ദീൻ പാറന്നൂർ, സി കെ കുന്നമംഗലം, റഹീന കോഴിക്കോട്, മാപ്പിളകലാ ഗവേഷകൻ അമീൻ ഷാ, കെ എം കെ വെള്ളയിൽ തുടങ്ങിയവർ സംസാരിച്ചു.
കൈകോർത്ത് അധ്യാപകരും
കോഴിക്കോട്
ജില്ലയിലെ ഗവ. കോളേജുകളിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും മനുഷ്യച്ചങ്ങല തീർത്തു. മീഞ്ചന്ത ആർട്‌സ് കോളേജിൽ പൗരത്വ ബില്ലിനെതിരായി പ്രതിജ്ഞയെടുത്തു. എകെജിസിടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം സത്യൻ, യൂണിറ്റ് സെക്രട്ടറി കെ ആർ രാഗി, കെ ശേഷൻ, ഇമ്പിച്ചികോയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. എസ് ജയശ്രീ, പി കെ ദിനേശൻ, എം കെ അഭിലാഷ്, കെ ലുക്‌മാനുൽ ഹക്കീം, കോളേജ് സൂപ്രണ്ട് ജലീൽ, ഇ പി ലീന, കോളേജ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്‌ണ, വൈസ് ചെയർമാൻ പി എസ് ധാത്രിയ തുടങ്ങിയവർ നേതൃത്വം നൽകി.
എകെജിസിടി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. മടപ്പള്ളി ഗവ. കോളേജിൽ വിപിൻ ടി ഗോപാൽ, പി എസ് ജിനീഷ്, ജിതിൻ പോള എന്നിവർ സംസാരിച്ചു. മൊകേരി ഗവ. കോളേജിൽ കെ ഇ എൻ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഗവ. കോളേജിൽ ഡോ. ഷിത്തോർ, പ്രിയദർശൻ എന്നിവർ സംസാരിച്ചു. കുന്നമംഗലം ഗവ. കോളേജിൽ എകെജിസിടി ജില്ലാ സെക്രട്ടറി രഘുദാസ്, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. നാദാപുരം ഗവ. കോളേജിൽ വി എസ് ശാലിനി സംസാരിച്ചു.
അനുഭവങ്ങൾ പങ്കുവച്ച് പോരാളികളും
കോഴിക്കോട്
പൗരത്വ ഭേദഗതി ബില്ലിനെതിരായ വിദ്യാർഥികളുടെ സമരങ്ങളെ പൊലീസ് നേരിട്ടതെങ്ങനെയെന്ന് വിവരിച്ച് സമരപോരാളികൾ. സമരത്തിൽ അണിചേർന്ന എം പി ഫവാസ്, ബിലാൽ ഇബ്‌നുൽ ഷാഹുൽ, അഫ്‌സ എന്നിവരാണ് അനുഭവങ്ങൾ പങ്കുവച്ചത്. ബുധനാഴ്‌ച പുലർച്ചെയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്.
ജാമിയ മിലിയ, അലിഗഢ്, ഡൽഹി സർവകലാശാലകളിലെ പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച ഐക്യദാർഢ്യ കൂട്ടായ്‌മയിലാണ് ഇവരും അണിചേർന്നത്. സലീൽ ചെമ്പയിൽ, ആർ എസ് റഹീം, നൂർമിന എന്നിവരും സംസാരിച്ചു.
Comments