കനാൽ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി കെട്ടിയ മതിൽ ഇറിഗേഷൻ വകുപ്പ് അധികൃതർ ഇടപെട്ട് പൊളിപ്പിച്ചു
കൊയിലാണ്ടി: മുത്താമ്പി ടൗണിന് പിന്നിലൂടെയുളള കൈകനാലിന്റെ അരികിൽ, ജലസേചന വകുപ്പിന്റെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി മതിൽ കെട്ടിയ സംഭവത്തിൽ, കലിക്കറ്റ് പോസ്റ്റ് വാർത്തയെത്തുടർന്നാണ് നടപടി. ഇറിഗേഷൻ വകുപ്പാണ് മതിൽ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത്. ശനിയാഴ്ച വൈകിട്ട് ഉദ്യോഗസ്ഥരെത്തി അപ്പോൾ തന്നെ മതിൽ പൊളിച്ചു മാറ്റാൻ നിർദ്ദേശിയുകയായിരുന്നു. ജോലിക്കാരെ കിട്ടാനില്ലെന്നും ഞായറാഴ്ച കാലത്ത് പൊളിച്ചു മാറ്റാമെന്നും സ്ഥലമുടമ സമ്മതിച്ചു. ഇന്ന് കാലത്താണ് മതിൽ പൊളിച്ചു മാറ്റിക്കെട്ടാൻ തുടങ്ങിയത്. നിയമപ്രകാരമുള്ള അതിരിലല്ല ഇപ്പോഴും മതിൽ കെട്ടുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പൊതു സ്ഥലത്തിനരികിൽ മതിൽ കെട്ടുന്നതിന് മുമ്പ് നഗരസഭയുടെ അനുമതി വാങ്ങേണ്ടതുണ്ട്. സ്ഥലത്തിന്റെ അതിരിൽ നിന്ന് രണ്ടടി പിറകോട്ടുമാറിയെ മതിൽ നിർമ്മാണം പാടുള്ളൂ. എന്നാൽ ഇതൊന്നും പാലിക്കാതെ ഇറിഗേഷൻ ഭൂമിയിൽ തന്നെയാണ് ഇപ്പോഴും മതിൽ മാറ്റി കെട്ടുന്നതെന്നും ജനങ്ങൾക്കാക്ഷേപമുണ്ട്. ഞായറാഴ്ചയായതിനാൽ ഉദ്യോഗസ്ഥ ഇടപെടൽ ഒഴിവാക്കാനും കഴിയും.
മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും പരാതി ഉയർന്നിട്ടും നഗരസഭാ അധികൃതരാരും ഇതുവരെ വന്നു നോക്കുക പോലും ചെയ്യാത്തത് ദുരൂഹമാണെന്ന് നാട്ടുകാർ പറയുന്നു. വാർഡ് കൗൺസിലറും കയ്യേറ്റം തടയാനോ പൊതുസ്വത്ത് സംരക്ഷിക്കാനോ താൽപ്പര്യപ്പെടുന്നില്ലെന്നും ജനങ്ങൾക്കാക്ഷേപമുണ്ട്.
കനാലിന്റ അരികിനോട് ചേര്‍ന്ന് മതില്‍ കെട്ടി സ്ഥലം കയ്യേറുകയാണ് സ്ഥലമുടമ ചെയ്തത്. ഇതിനെതിരെ സമീപവാസികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്കും നഗരസഭാ അധികൃതർക്കും പരാതി നല്‍ക്കുകയായിരുന്നു. പരാതി പ്രകാരം നടപടിയെടുക്കാന്‍ കൊയിലാണ്ടി നഗരസഭാധികൃതരോട് ഇറിഗേഷന്‍ വകുപ്പ് ആവശ്യപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഈ കനാലിൽ പലയിടത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കനാൽ നശിപ്പിക്കുന്നുണ്ട്. വേനല്‍ കാലത്ത് മുത്താമ്പി,വടപ്പുറം കുനി ഭാഗത്തേക്ക് കനാല്‍വെളളമെത്തുന്നത് ഇതുവഴിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍,കുപ്പികള്‍ എന്നിവയെല്ലാം കനാലിലേക്ക് വലിച്ചെറിയുന്നു. മുൻ കാലങ്ങളിൽ ആളുകള്‍ കനാലിന്റെ അരികിലൂടെ കാല്‍നടയായി പോകാറുണ്ടായിരുന്നു. ഓരത്ത് മതില്‍കെട്ടിയതോടെ കാല്‍നട യാത്രയും തടസ്സപ്പെട്ടിരുന്നു.