കന്നുകുട്ടികളില്‍ ചര്‍മ്മക്ഷമതാ പരിശോധന

ചര്‍മ്മം കണ്ടാലറിയാം ആരോഗ്യം എന്നാണല്ലോ പ്രയോഗം. ചര്‍മ്മത്തിന്റെ ആരോഗ്യം ശരീരത്തില്‍ ആകെയുള്ള ആരോഗ്യത്തിന്റെയും, ക്ഷമതയുടെയുമെല്ലാം  പ്രതിഫലനമാണ്. ചര്‍മ്മത്തിന്റെ സ്ഥിതി നിരീക്ഷിച്ച് ആരോഗ്യം വിലയിരുത്തുന്നതിനായി  പശുക്കള്‍ക്കിടയില്‍  പ്രചാരത്തിലുള്ള  പരിശോധനയാണ്  സ്‌ക്കിന്‍ ടെന്റിംങ്ങ് ടെസ്റ്റ് അഥവാ ചര്‍മ്മക്ഷമത പരിശോധന.

 

ചര്‍മ്മക്ഷമത പരിശോധനയ്ക്ക് കന്നുകുട്ടികളില്‍ ഏറെ പ്രാധാന്യമുണ്ട്.  കിടാക്കളില്‍ സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങളില്‍ പ്രധാനമായ വയറിളക്കം മൂലമുള്ള  ജലനഷ്ടത്തിന്റെ തോത് ഈ പരിശോധന വഴി  ഫലപ്രദമായി തിരിച്ചറിയാം. വയറിളക്കം വഴി ജലത്തോടൊപ്പം  സോഡിയം, പൊട്ടാസ്യം അടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ലവണങ്ങളും കിടാക്കളുടെ ശരീരത്തില്‍ നിന്നും നഷ്ടമാവും.

 

വിവിധ ബാക്ടീരിയല്‍, വൈറല്‍, പ്രോട്ടോസോവല്‍ രോഗാണുക്കള്‍, വിരകള്‍, ദഹനക്കേട് എന്നിവയെല്ലാമാണ് കിടാക്കളിലെ വയറിളക്കത്തിന്റെ മുഖ്യ കാരണങ്ങള്‍  നിശ്ചിത പരിധിക്കപ്പുറം ജലവും, ലവണങ്ങളും ശരീരത്തില്‍ നിന്നും നഷ്ടമായാല്‍  കിടാക്കള്‍ തളര്‍ന്ന് കിടപ്പിലാവുകയും അടിയന്തിര ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം  മരണം സംഭവിക്കുകയും ചെയ്യും.  ഈയൊരു സാഹചര്യത്തെ തടയാന്‍ ചര്‍മ്മക്ഷമത പരിശോധന വഴി  നിര്‍ജ്ജലീകരണത്തിന്റെ തോത് കൃത്യമായി മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് സഹായിക്കും. ചെയ്യേണ്ട രീതിയെ കുറിച്ചറിഞ്ഞാല്‍ കര്‍ഷകര്‍ക്ക് തന്നെ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്.

 

പരിശോധന എങ്ങനെ ?

 

കിടാവിന്റെ കണ്ണിനു മുകളിലും കഴുത്തിനും നെഞ്ചിനും ചുറ്റുമുള്ള  ചര്‍മ്മം നമ്മുടെ കൈവിരലുകള്‍ ഉപയോഗിച്ച് ലഘുവായി മുന്നോട്ട് വലിച്ച് വിട്ടാല്‍ തിരിച്ച് പൂര്‍വ്വസ്ഥിതിയിലാവാനെടുക്കുന്ന  സമയമാണ് ചര്‍മ്മക്ഷമത പരിശോധന വഴി നിരീക്ഷിക്കുന്നത്. പൂര്‍ണ്ണാരോഗ്യമുള്ള കിടാക്കളിലും അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ജലനഷ്ടം സംഭവിച്ചവയിലും ചര്‍മ്മം ഉടന്‍ പഴയ  പടിയാവും. 6-8 ശതമാനം വരെ ജലനഷ്ടം സംഭവിച്ചാല്‍ ചര്‍മ്മം പൂര്‍വ്വ സ്ഥിതിയിലാവാന്‍ 2 മുതല്‍ 6 സെക്കന്റ് വരെ സമയമെടുക്കും.

 

ഒപ്പം കിടാവിന്റെ കണ്ണുകള്‍ കുഴിഞ്ഞിരിക്കല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. ജലനഷ്ടത്തിന്റെ തോത് 8 മുതല്‍ 10 ശതമാനം വരെയാണെങ്കില്‍ ഈ സമയം 6 സെക്കന്റിനും മുകളിലായിരിക്കും. ആ ഘട്ടത്തില്‍ മോണകളും മീക്കിന് ചുറ്റുമെല്ലാം വരണ്ടുണങ്ങുകയും കിടാവ് തകര്‍ന്ന് കിടപ്പിലാവുകയും ചെയ്യും. എട്ട് ശതമാനത്തിന് മുകളില്‍ നിര്‍ജ്ജലീകരണം തിരിച്ചറിഞ്ഞാല്‍ ഞരമ്പു വഴി കിടാവിന്റെ ശരീരത്തിലേക്ക്  ലവണ ലായനികള്‍ നല്‍കുന്നതടക്കമുള്ള അടിയന്തിര ചികിത്സ ഉറപ്പു വരുത്തണം.

 

10 ശതമാനത്തിന് മുകളില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ കിടാവിന്റെ സ്ഥിതി ഗുരുതരമാവുകയും, കിടപ്പിലാവുകയും ചെയ്യും.  ഈ ഘട്ടത്തില്‍ ചര്‍മ്മം പൂര്‍വ്വസ്ഥിതിയിലാവാന്‍ പതിനഞ്ച് സെക്കന്റിലധികം സമയമെടുക്കും. 14% ലധികം ജലം ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ അത് കിടാവിന്റെ അകാല മരണത്തിന് കാരണമാവും.

 

പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ കരിക്കിന്‍ വെള്ളമോ ഉപ്പിട്ട കഞ്ഞിവെള്ളമോ കിടാവിനെ കുടിപ്പിക്കാം. ഒരു ലിറ്റര്‍ ഇളംചൂട് വെള്ളത്തില്‍ 5 ടീസ്പൂണ്‍  ഗ്ലൂക്കോസ് പൊടിയും, ഒരു ടീസ്പൂണ്‍ അപ്പക്കാരവും (സോഡിയം ബൈ കാര്‍ബണേറ്റ്), ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പ്രത്യേക  ലവണ ലായനി തയ്യാറാക്കിയും കിടാവിന് നല്‍കാം. ഇത് പ്രതിദിനം 2-4 ലിറ്റര്‍ വരെ കാഫ് ഫീഡിംഗ് ബോട്ടില്‍ ഉപയോഗിച്ച് കിടാവിന്  നല്‍കാം. ഒപ്പം വയറിളക്കത്തിന്റെ  അടിസ്ഥാന കാരണത്തിന് ചികിത്സ നല്‍കുകയും വേണം.
Comments

COMMENTS

error: Content is protected !!