കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; രണ്ട് പേരെ പിടികൂടി

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്. സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി സ്വകാര്യഭാഗം വഴി കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പിടികൂടി.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് കെ.പി എന്നിവരാണ് പിടിയിലായത്. സ്വകാര്യഭാഗത്ത് മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താനായിരുന്നു ഇവരുടെ പദ്ധതി.

ബുധനാഴ്ച പുലര്‍ച്ചെ ബഹറിനില്‍ നിന്ന് വന്ന ജി എഫ്  260ലെ യാത്രക്കാരനായിരുന്നു റൗഫ്.  766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ക്യാപ്സ്യൂളുകളിലാക്കി കടത്താനായിരുന്നു റൗഫ് ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാല്‍ സ്വര്‍ണക്കടത്ത് സംഘം ഇയാളെ ഫോണില്‍ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. വിളിക്കുന്നയാള്‍ക്ക് സ്വര്‍ണം ഏല്‍പ്പിക്കുക എന്നായിരുന്നു റൗഫിന് ലഭിച്ചിരുന്ന സന്ദേശം.

ബുധനാഴ്ച തന്നെയാണ് പയ്യോളി സ്വദേശി നൗഷിനെയും പോലീസ് പിടികൂടിയത്. രാവിലെ 8.05 ന് ബഹറിനില്‍ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ നൗഷിനെയും സമാനരീതിയില്‍  ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളുകളില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളില്‍ 766 ഗ്രാം മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

Comments

COMMENTS

error: Content is protected !!