കലോത്സവ സ്വാ​ഗതഗാന വിവാദം; പേരാമ്പ്ര മാതാ കലാവേദിക്ക് ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗതഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കലാവേദിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാതാ കലാവേദിക്ക് ഇനി അവസരം നൽകില്ലെന്ന് മന്ത്രി പറഞ്ഞു. വേദിയിൽ അവതരിപ്പിക്കും മുമ്പ് സ്വാഗതഗാനം പരിശോധിച്ചപ്പോൾ വിവാദമായ വേഷം ഉണ്ടായിരുന്നില്ല. പക്ഷേ ഡ്രസ്സ്‌ റിഹേഴ്സൽ കണ്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് വീഴ്ച ഉണ്ടായതെന്ന് അറിയില്ലെന്നും. പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടാളക്കാർ തീവ്രവാദിയെ വെടിവച്ച് കൊല്ലുന്ന ദൃശ്യാവിഷ്കാരത്തിൽ, തീവ്രവാദിയായി വേഷമിട്ട വ്യക്തിയ്ക്ക് മുസ്ലീംമത സമുദായത്തിന്റെ വേഷം നൽകിയത് എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്നും മന്ത്രി പ്രതികരിച്ചു.

”വിവിധ അധ്യാപക സംഘടനകൾക്കായിരുന്നു ഓരോ കമ്മിറ്റിയുടെയും ചുമതല. അത്തരത്തിൽ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന റിസപ്ഷൻ കമ്മിറ്റി ആണ് ദൃശ്യാവിഷ്ക്കാരത്തിനും നേതൃത്വം നൽകിയത്. സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് മുൻപ് പരിപാടി കണ്ടുനോക്കിയിരുന്നുവെങ്കിലും കുട്ടികൾ വേഷവിധാനങ്ങൾ അണിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഏത് വേഷമാണ് ധരിക്കുക എന്ന് അറിയാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതെന്ന് പരിശോധിക്കും. വിവാദമായ പരിപാടി അവതരിപ്പിച്ചവരെ വരുന്ന മേളകളിൽ പങ്കെടുപ്പിക്കില്ല. അതിന് വേണ്ട നടപടികൾ സ്വീകരിക്കും”- മന്ത്രി വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!