കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

 

കോഴിക്കോട്‌: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നടപ്പാക്കിയിട്ടുള്ള ‘പ്രവേശന ഫീസ് പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കാപ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നേരത്തെ സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇപ്പോള്‍ ബ്ലൂ ഫാഗ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫണ്ടില്‍ എട്ട് കോടി രൂപയുടെ അടങ്കലുള്ള പ്രവൃത്തികളാണ് നടന്നത്. ഇതില്‍ അഞ്ച് കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി വരുന്ന മൂന്ന് കോടി രൂപ നിര്‍മ്മാണം കഴിഞ്ഞുള്ള മൂന്നു വര്‍ഷക്കാലത്തെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ആവര്‍ത്തനച്ചെലവുകള്‍ക്കുമാണ്. നിര്‍മ്മാണം പൂര്‍ത്തിയായാലുടനെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറണമെന്ന വ്യവസ്ഥയുമുണ്ട്.

എന്നാല്‍ ഈ എല്ലാ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനത്തിലൂടെയാണ് ഡി ടി പി സി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് 50 രൂപ പ്രവേശന ഫീസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയത് .മൂന്ന് വര്‍ഷക്കാലത്തേക്കുള്ള നടത്തിപ്പ് ചെലവുകള്‍ക്ക് പദ്ധതിയില്‍ തന്നെ വ്യവസ്ഥ ഉണ്ടായിരിക്കെയാണ് ഈ പകല്‍ക്കൊള്ള നടത്തുന്നത്. പ്രകൃതി വാരിക്കോരി നല്‍കിയ കടലിന്റെ വന്യമായ സൗന്ദര്യവും പഞ്ചാരമണലിനോട് കിന്നാരം പറഞ്ഞിറങ്ങുന്ന തിരമാലകള്‍ നല്‍കുന്ന അനന്യമായ അനുഭൂതിയുമല്ലാതെ 50 രൂപ പ്രവേശന ഫീസ് നല്‍കി കാണേണ്ടതായ യാതൊന്നും കാപ്പാട് ബീച്ചിലില്ല.ഇതിലേറെ സവിശേഷതകളും ഭാരിച്ച സാമ്പത്തിക ചെലവില്‍ നിര്‍മ്മിച്ചതുമായ കോഴിക്കോട് നഗരം ഉള്‍പ്പെടെയുള്ള കടലോരങ്ങളില്‍ പ്രവേശനം പൂര്‍ണമായി സൗജന്യമായിരിക്കെയാണ് കാപ്പാട് ബീച്ചില്‍ ഈ വിവേചനം സഞ്ചാരികളോട് കാണിക്കുന്നത്.
50 രൂപ പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കാപ്പാട് ബീച്ചിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹത്തെ തടയുന്നതിനുള്ള ഗൂഢപദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ന്യായമായും സംശയിച്ചു പോകുന്ന സാഹചര്യമാണ്. കാപ്പാട് ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് പാര്‍ട്ടി നേതാക്കളായ പി കെ ഭാസ്‌കരന്‍ , പി കെ പ്രസാദ്, എം കൃഷ്ണന്‍, ബിജീഷ് എന്‍, പി കെ സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും മുഴുവന്‍ സമരസഖാക്കളും പോലിസിനെ തട്ടിമാറ്റി പാര്‍ക്കില്‍ പ്രവേശിച്ചു.തുടര്‍ന്ന് പാര്‍ട്ടി കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പാര്‍ട്ടി കാപ്പാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ സ.അശോകന്‍കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി മെമ്പര്‍ കെ രവീന്ദ്രന്‍ സമരത്തെ അഭിവാദ്യം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം നൗഫല്‍ സ്വാഗതം പറഞ്ഞു.എം. സുരേഷ് നന്ദി പറഞ്ഞു. പ്രവേശന ഫീസ് പിന്‍വലിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സി പി ഐ എം തീരുമാനിച്ചിട്ടുള്ളത്.

Comments

COMMENTS

error: Content is protected !!