സംസ്ഥാനം വാക്‌സിനേഷന് സജ്ജം ; 3.54 ലക്ഷം പേർ രജിസ്‌റ്റർ ചെയ്‌തു

സംസ്ഥാനത്ത്‌  കോവിഡ് വാക്‌സിൻ കുത്തിവയ്പിനുള്ള രണ്ടാംഘട്ട ഡ്രൈ റണ്ണും (മോക് ഡ്രിൽ) വിജയകരമായി പൂർത്തിയാക്കി.  എല്ലാ ജില്ലയിലുമായി 46 കേന്ദ്രത്തിലായാണ് വെള്ളിയാഴ്‌ച ഡ്രൈ റൺ നടന്നത്.  മെഡിക്കൽ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തിയത്. കോഴിക്കോട്‌ ജില്ലയിലാണ്‌ (അഞ്ചിടത്ത്‌)ഏറ്റവുമധികം ഡ്രൈ റൺ നടന്നത്.

വിജയകരമായി ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും  മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.  വാക്‌സിൻ എപ്പോൾ എത്തിയാലും ഉടൻ വിതരണം ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷനായി ഇതുവരെ 3,54,897 പേർ രജിസ്റ്റർ ചെയ്തു.  സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടെയും രജിസ്‌ട്രേഷൻ  നടക്കുകയാണ്‌.

Comments

COMMENTS

error: Content is protected !!