കാലാവസ്ഥാ വിവരങ്ങൾ ഇനി കുട്ടികളിലൂടെ ; 240 സ്‌കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ 

കാലാവസ്ഥാ വിവരങ്ങളറിയാൻ ഇനി സർക്കാർ അറിയിപ്പുകൾക്ക് കാതോർത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാൻ സംസ്ഥാനത്തെ 240 സ്‌കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ 18 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കുന്നുമ്മൽ ബിആർസി പരിധിയിൽ കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ബ്ലോക്കിലെ കാലാവസ്ഥാ സ്റ്റേഷൻ ഒരുങ്ങുന്നത്. മലയോര മേഖലയായ കുന്നുമ്മൽ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾക്ക് കേന്ദ്രം ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തൽ. 90,000 രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.

മഴയുടെ അളവ്, അന്തരീക്ഷത്തിന്റെ ആര്‍ദ്രത, കാറ്റിന്റെ ദിശ, വേഗത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ തിരിച്ചറിയാന്‍ ഇത്തരം കാലാവസ്ഥാ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി സ്‌കൂളിലെ വെതര്‍ സ്‌റ്റേഷനിൽ തെര്‍മൊമീറ്ററും വിന്‍ഡ് വെയ്‌നും അനിമൊമീറ്ററും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിക്കഴിഞ്ഞു. ഭൂമിശാസ്ത്രപഠനം പ്രായോഗികവും രസകരവുമാക്കിത്തീര്‍ക്കുന്നതിന് സമഗ്ര ശിക്ഷാകേരള പദ്ധതിയുടെ കീഴിലാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.

Comments

COMMENTS

error: Content is protected !!