കാലിക്കറ്റ് വിസി യെ പുറത്താക്കാൻ ക്വാവാറണ്ടോ ഹർജി

സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാവാറണ്ടോ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫയലിൽ സ്വീകരിച്ച് എതിർ കക്ഷിയായ കാലിക്കറ്റ്‌ വിസിക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവായി. ചാൻസലർ കൂടിയായ ഗവർണർ, കാലിക്കറ്റ് സർവകലാശാല എന്നിവരെയും എതിർകക്ഷികളാക്കി കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളേജ് അധ്യാപകനും, കെപിസിടിഎ സംസ്ഥാന പ്രസിഡണ്ടുമായ ഡോ. ടി മുഹമ്മദാലിയാണ് ഹർജി ഫയൽ ചെയ്തത്.

സംസ്ഥാന ചീഫ് സെക്രട്ടറിയെ കൺവീനറാക്കി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകൾക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് നടത്തിയ കെ ടി യുവിന്റെ വൈസ് ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസി പദവിക്കുള്ള അപേക്ഷകരിൽ നിന്ന് ശുപാർശ ചെയ്യുന്ന വ്യക്തിയുടെ സവിശേഷതകൾ സെർച്ച്കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത് പരിശോധിക്കാതെയാണ് ഗവർണർ ഏകപക്ഷീയമായി കാലിക്കറ്റ് വിസിയായി ജയരാജിനെ നിയമിച്ചതെന്നും ഹർജിയിൽ പറയുന്നു.

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ വിസി പദവി ഒഴിയാൻ ഗവർണർ നൽകിയ നിർദ്ദേശം കോടതിയിൽ ചോദ്യം ചെയ്ത വിസി യുടെ നിലപാട് വിസി പദവിയുടെ മഹത്വത്തിന് ഭംഗം വരുത്തിയതായും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജിയിൽ ജനുവരി 13 ന് തുടർവാദം കേൾക്കും. ഹർജ്ജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Comments
error: Content is protected !!