CALICUTDISTRICT NEWS

കാലിക്കറ്റ് സര്‍വകലാശാലയില്‍ 3500 ഉത്തരക്കടലാസുകള്‍ കാണാനില്ല

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 3500 ഉത്തരക്കടലാസുകള്‍ കാണാനില്ല. മൂന്നുമാസം മുമ്ബ് മൂല്യനിര്‍ണയം കഴിഞ്ഞ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തര കടലാസുകളാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കില്‍ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ സര്‍ക്കുലര്‍ ഇറക്കി.

പരീക്ഷ എഴുതി ഒരു വര്‍ഷം പിന്നിട്ടിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദുരിതത്തിലാണ്. മൂല്യനിര്‍ണയം വൈകാതിരിക്കാന്‍ ഫാള്‍സ് നമ്പരിങ് പോലും ഒഴിവാക്കിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് സര്‍വകലാശാല. മൂല്യനിര്‍ണയം കഴിഞ്ഞ് മാര്‍ക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മൂവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസ് കാണാതായ വിവരം അധികൃതര്‍ അറിയുന്നത്. ഉത്തരക്കടലാസ് കണ്ടെത്താന്‍ സര്‍വകലാശാല അനൗദ്യോഗികമായി നടത്തിയ ശ്രമവും പരാജയപ്പെട്ടു.

മൂല്യനിര്‍ണയം കഴിഞ്ഞ് മൂന്നു മാസമായിട്ടും ഫലം പ്രഖ്യാപിക്കാനാവാതെ വന്നതോടെയാണ് പരീക്ഷാ കണ്‍ട്രോളര്‍ ഇടപെട്ടത്. ഏതെങ്കിലും വിഭാഗത്തില്‍ ഉത്തരപേപ്പര്‍ മാര്‍ക്ക് എന്‍റര്‍ ചെയ്യാതെ ഉണ്ടെങ്കില്‍ അറിയക്കണമെന്ന് കാണിച്ച്‌ നിര്‍ദേശം നല്‍കി.

ഒരു വര്‍ഷം മുമ്പ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഫലമറിയാതെ ബുദ്ധിമുട്ടിലായി. ഫലമനുസരിച്ചു വേണം ഇംപ്രൂമെന്റ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഫലം വരാത്തതിനെ തുടര്‍ന്ന് സപ്ലിമെന്‍ററി പരീക്ഷ എഴുതിയവരുടെ ‌തുടര്‍ പഠനം അവതാളത്തിലായ അവസ്ഥയിലാണ്. പരീക്ഷ വിഭാഗത്തിലെ അനാസ്ഥയുടെ ഫലമാണ് ഉത്തരക്കടലാസ് കാണാതായ സംഭവമെന്നും നേരിട്ട് ഇടപെടണമെന്നും കാണിച്ച്‌ സിന്‍ഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് വി.സിക്ക് കത്തയച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button