കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ ആനപിടുത്തം അവിസ്മരണീയ കാഴ്ചയായി

മേപ്പയൂർ : കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തജനങ്ങൾക്ക് അവിസ്മരണീയ കാഴ്ചയായി. കീരൻ കുന്ന് പ്രദക്ഷിണം ചെയ്തുള്ള എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിലെത്തിയ ശേഷം വിളക്കെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് നടന്ന നട്ടത്തിറയിലാണ് പരദേവതയുടെ ആന പിടുത്തച്ചടങ്ങ്. മേളങ്ങൾക്കൊത്ത് നൃത്തം ചെയ്ത്, ആഭരണങ്ങളും വെള്ളിക്കിരീടവും അണിഞ്ഞ്, പരിചയും വാളും വീശിയാണ് പരദേവത ആനയെ ആവശ്യപ്പെട്ടത്. അപ്പോഴേക്കും ആന ക്ഷേത്രപ്പടി മുറ്റത്ത് എത്തിയിന്നു. തുടർന്ന് ആനയുടെ കൊമ്പിൽ പിടിച്ച് ക്ഷേത്രപ്പടിക്കലെ തിരുമുമ്പിൽ കൊണ്ടുവന്നു. അവിടെ വച്ച് ആനക്ക് നാളീകേരവും ശർക്കരയും നൽകി. ഒടുവിൽ ആന പരദേവതക്ക് മുമ്പിൽ തൊഴുതു മടങ്ങി.

കോവിഡ് ഭയാശങ്കകൾ മറന്ന് ആന പിടുത്തച്ചടങ്ങ് കാണാൻ ഇത്തവണയും ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഉത്സവത്തിൻ്റെ ഏറെ ആകർഷകമായ മറ്റൊരു ചടങ്ങാണ് പൂക്കലശമെഴുന്നള്ളത്ത്. മുളക്കമ്പിൽ ചെമ്പകപ്പൂക്കളും കുരുത്തോലയും കൊണ്ട് ഗോപുരാകൃതിയിൽ നിർമ്മിക്കുന്നതാണ് പൂക്കലശങ്ങൾ. വൃതാനുഷ്ഠാനങ്ങളോടെ നേർച്ചയെടുത്ത് കെട്ടുന്ന പൂക്കലശക്കാരുടെ ചുവടുവെപ്പുകളും അതിനൊത്ത ചെണ്ടമേളങ്ങളും ആകർഷകമായി മാറി. രാത്രിയിൽ മേളവിധഗ്ദൻ കാഞ്ഞിലശ്ശേരി വിനോദ്മാരാരുടെ മേളപ്രമാണത്തിൽ പാണ്ടിമേളത്തോടെ കുളിച്ചാറാട്ടെഴുന്നള്ളത്തും തുടർന്ന് നടന്ന വിളക്കോടെയും ഉത്സവം സമാപിച്ചു.

Comments

COMMENTS

error: Content is protected !!