കുഴഞ്ഞു വീണ യാത്രക്കാരനെ രക്ഷിക്കാൻ കരുതൽ; ആ രക്ഷയുടെ കരം രഞ്ജുവിന്റേത്

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർ ബുധനാഴ്ച നടത്തിയ മിന്നൽ സമരത്തിനിടെ കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ‌ കുഴഞ്ഞുവീണ യാത്രക്കാരനു കരുതലിന്റെ കരം നീട്ടിയത് സ്വകാര്യ ആശുപത്രിയിലെ നഴ്സ്. കരമന പിആർഎസ് ആശുപത്രിയിലെ നഴ്സ് രഞ്ജുവാണു യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചതെന്നു ആശുപത്രി അധികൃതർ തന്നെയാണു സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

രഞ്ജു നടത്തിയ ജീവൻരക്ഷാ ശ്രമത്തിൽ അഭിമാനിക്കുന്നതായും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആശുപത്രി വ്യക്തമാക്കി. കുമാരപുരം ചെന്നിലോട് പാറുവിള വീട്ടിൽ ടി.സുരേന്ദ്രന്റെ ജീവൻ രക്ഷിക്കാൻ രഞ്ജു പ്രഥമശുശ്രൂഷ നൽകുന്ന രംഗങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇവർ ആരാണെന്നു തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സുരേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഇവർ സ്റ്റാൻഡിൽനിന്നു പോയിരുന്നു.

നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കാണ് ഇവർ പോയത്. സുരേന്ദ്രനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസേരയിൽനിന്നു കുഴ‍ഞ്ഞുവീണ സുരേന്ദ്രനു പ്രഥമശുശ്രൂഷ നൽകാൻ രഞ്ജു പല തവണ ശ്രമിച്ചു. കാർഡിയോ പൾമനറി റെസസിറ്റേഷൻ (സിപിആർ) എന്ന ജീവൻ രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം. ഇതിനിടെ ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം ചെയ്യാൻ സമീപത്തുള്ളവരോട് അഭ്യർഥിക്കുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!