കൂടത്തായിയിലെ ദുരൂഹമരണങ്ങൾ: മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍

കോഴിക്കോട്∙ കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ െപാലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി ജോളിയെ െപാലീസ് ചോദ്യം ചെയ്തുവെങ്കിലും ജോളി ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി.

 

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല. ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹമരണങ്ങളില്‍ വനിതയുടെ പങ്ക് വ്യക്തമാണ്.
സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. ആറുപേരുടെയും മരണമുണ്ടായ സമയത്തോ സ്ഥലത്തോ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.
ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്കു  വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും സ്ത്രീ ഒഴി‍ഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി.
നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
Comments

COMMENTS

error: Content is protected !!