കെഎസ്ഇബിയുടെ അടുത്ത നാല് വര്‍ഷത്തേക്കുള്ള താരിഫ് ജൂണില്‍ പ്രഖ്യാപിച്ചേക്കും

കെഎസ്ഇബിയുടെ അടുത്ത നാല് വര്‍ഷത്തേക്കുള്ള താരിഫ് ജൂണില്‍ പ്രഖ്യാപിച്ചേക്കും. നിലവിലുള്ള വൈദ്യുതി താരിഫിന് ജൂൺ 30 വരെയാണ് കാലാവധി ഉള്ളത്. തുടർന്ന് ജൂൺ പകുതിയോടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. പ്രഖ്യാപനം ഉണ്ടായാൽ പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതലാകും പ്രാബല്യത്തിൽ വരിക. ഇതിനായുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് പൂര്‍ത്തിയായി.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ സംഘടനയായ ഡിഇസിഎ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ രണ്ടു വർഷം 15 മുതൽ 20 പൈസവരെയും അടുത്ത വർഷം അഞ്ച് പൈസയും യൂണിറ്റിന് വർധിപ്പിക്കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കാമെന്നും കെഎസ്ഇബി അറിയിച്ചു. എന്നാൽ അവസാന വർഷം നിരക്ക് വർധന കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ല.

500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറയുന്നു. പ്രതിമാസം 50 മുതൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെഎസ്ഇബിയുടെ നിലപാട്. കൂടാതെ ഫിക്‌സഡ് ചാർജ് 30 രൂപ വരെ കൂട്ടണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!