കെയർ ഹോമിന്‌ കൈത്താങ്ങായി 4.78 കോടി

കോഴിക്കോട്‌: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലേക്ക്  ജില്ലയിലെ സഹകരണ ബാങ്കുകളും സംഘങ്ങളും  4,77,75,505 രൂപ സംഭാവന നൽകി. നടപ്പുസാമ്പത്തിക വർഷത്തിൽ ജില്ലാ സഹകരണ ബാങ്കിൽനിന്നും സഹകരണ സംഘങ്ങൾക്ക്‌ ലഭിച്ച ലാഭവിഹിതത്തിൽ നിന്നുമാണ്‌ തുക കൈമാറിയത്.
കേരള ബാങ്ക് രൂപീകരണം വിശദീകരിക്കുന്നതിനായി കണ്ണൂർ ദിനേഷ് ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത ഉത്തര മേഖലാ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ വി കെ രാധാകൃഷ്ണൻ, കെഡിസി ബാങ്ക് മുൻ പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ, ജനറൽ മാനേജർ കെ പി അജയകുമാർ, ഉള്ള്യേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഉള്ളൂർ ദാസൻ എന്നിവർ ചേർന്ന്‌ ചെക്ക് കൈമാറി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഡോ. പി കെ ജയശ്രീ, കേരള ബാങ്ക് സിജിഎം കെ സി സഹദേവൻ എന്നിവർ സംസാരിച്ചു.
പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി  കെയർ ഹോം പദ്ധതിയിലൂടെ നാലായിരത്തോളം  വീടും  ഫ്ളാറ്റുകളുമാണ് നിർമിച്ചുനൽകുന്നത്. ഇതുവരെ 2100  വീടുകളുടെ താക്കോൽ കൈമാറിയെന്ന് മന്ത്രി അറിയിച്ചു. കെയർ ഹോമിലേക്ക് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്ന് വി കെ രാധാകൃഷ്ണൻ, ജനറൽ മാനേജർ കെ പി  അജയകുമാർ എന്നിവർ അറിയിച്ചു.
Comments

COMMENTS

error: Content is protected !!