കെ എസ് ബിമൽ അനുസ്മരണ പരിപാടികൾക്ക് എടച്ചേരിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ; കൂടംകുളം സമര നായകൻ ഡോ.എസ് പി ഉദയകുമാർ ഉദ്ഘാടനം ചെയ്യും
വടകര: കെ എസ് ബിമൽ അനുസ്മരണ പരിപാടികൾക്ക് ഞായറാഴ്ച (ജൂൺ 26) എടച്ചേരിയിൽ തുടക്കമാകും. എൽ പി, യൂപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാമത്സരം, ഹൈസ്കൂൾ വിഭാഗത്തിന് കവിത, കഥ, ഉപന്യാസ രചനാമത്സരങ്ങൾ എന്നിവയാണ് 26 ന് നടക്കുക. ബിമലിന്റെ ചരമദിനമായ ജൂലൈ ഒന്നിന് വിപുലമായ അനുസ്മരണ സമ്മേളനം നടക്കും. കലാലയ പ്രതിഭകളെ കണ്ടെത്താനുള്ള കവിതാപുരസ്കാരത്തിനുള്ള എൻട്രികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളമായി വന്നുകൊണ്ടിരിക്കുകയാണെന്നും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജില്ലയിൽ നിന്നുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾ രചനാമത്സരങ്ങളിൽ പങ്കെടുക്കും. ബിമൽ കവിതാപുരസ്കാരത്തിനുള്ള എൻട്രികൾകൾ ജൂൺ 31 ന് രാത്രി 12 മണി വരെ സ്വീകരിക്കും. ഈ പുരസ്കാരം എല്ലാവർഷവും കലാലയ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്നതാണ്. അച്ചടി, ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങളിലൊന്നും ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൃഷ്ടികൾ മാത്രമേ പുരസ്കാരത്തിന് പരിഗണിക്കുകയുള്ളൂ.
ജൂലൈ ഒന്നിന് കാലത്ത് വീട്ടുവളപ്പിൽ സൌഹൃദ സംഗമം ഉണ്ടാകും. വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം കൂടംകുളം സമര നായകൻ ഡോ. എസ് പി ഉദയകുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ, കെ അജിത എന്നിവരും സംസാരിക്കും. ഡോ. കെ എൻ ഭരതൻ അനുസ്മരണ പ്രഭാഷണം നടത്തും.
കോഴിക്കോട് ജില്ല കണ്ട അതുല്യ പ്രതിഭകളിലൊരാളും പോരാളിയുമായ കെ എസ് ബിമൽ 2015 ജൂലൈ ഒന്നിനാണ് മരണപ്പെട്ടത്. അർബുദരോഗം ചെറുപ്പത്തിലെ ആ ജീവിതം തട്ടിയെടുക്കുകയായിരുന്നു. വിദ്യാർത്ഥിസമര സംഘടനാപ്രവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ ബിമൽ, എസ് എഫ് ഐ യുടെ സംസ്ഥാന നേതൃനിരയിൽ തിളങ്ങിനിന്ന നേതാവാണ്. യൂണിവേഴ്സിറ്റി കലോത്സവ വേദികളിൽ സംഘാടകൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും പ്രശസ്തനായി. കേരളത്തിലെ അറിയപ്പെടുന്ന നാടക കലാകാരനായി. വിദ്യാർത്ഥി ജീവിതത്തിന് ശേഷം എടച്ചേരിയിൽ എല്ലാവരുടേയും പ്രിയപ്പെട്ട അദ്ധ്യാപകനായി. ആനന്ദിന്റെ പ്രശസ്തമായ ഗോവർദ്ധനന്റെ യാത്രകൾ, എന്ന നോവലിന് നാടകാവിഷ്കാരം ചമച്ച് സംസ്ഥാനത്താകെ അവതരിപ്പിച്ചതോടെയാണ് നാടകകാരനായി തിളങ്ങിയത്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന്, സി പി എമ്മിൽ നിന്ന് ഇറങ്ങി വന്ന്, ജനാധിപത്യ വേദി എന്ന സംഘടനക്ക് രൂപം നൽകി. രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ജനാധിപത്യപരവും സർഗ്ഗാത്മകവുമാക്കി മാറ്റാം എന്ന അന്വേഷണമായിരുന്നു ബിമലിന്റെ ശിഷ്ടജീവിതം. തന്റെ അതിവിപുലമായ സുഹൃത്ത് വൃന്ദവും എടച്ചേരിയിലെ ബിമലിനെ സ്നേഹിക്കുന്ന നാട്ടുകാരും ചേർന്ന് രൂപീകരിച്ച അനുസ്മരണ സമിതിയാണ് ‘ബിമൽ ഓർമ്മ’ എന്ന പേരിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.