ലാബ് പരിശോധന രോഗലക്ഷണമുള്ള അവശർക്ക്‌

കോഴിക്കോട്
കോവിഡ് 19 ലാബ് പരിശോധന ഇനി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അവശനിലയിലായവർക്കു മാത്രം. ഇതു സംബന്ധിച്ച സർക്കാരിന്റെ മാർഗനിർദേശം അധികൃതർക്ക്‌ ലഭിച്ചു. രോഗിയുമായി സമ്പർക്കമുണ്ടായവർക്ക്‌ നേരിയ പനിയും ചുമയുമുണ്ടെങ്കിൽ പോലും നാൽപ്പതു ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ വെക്കാനാണ് നിർദേശം. രോഗലക്ഷണങ്ങളുള്ളവരെയെല്ലാം നേരത്തെ ലാബ് പരിശോധനക്ക്‌ വിധേയരാക്കിയിരുന്നു.
ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ്‌ ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു. രോഗികളെ മറ്റുള്ളവരിൽനിന്ന്‌ സമ്പർക്കമില്ലാതാക്കാനുള്ള സംവിധാനം ആശുപത്രിയിൽ ഏർപ്പെടുത്തി. കമ്യൂണിറ്റി മെഡിസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പോസ്റ്ററുകൾ പുറത്തിറക്കി.
ആശുപത്രിയിൽ രോഗികളുടെയും സന്ദർശകരുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടായത്‌ സമീപത്തെ സ്ഥാപനങ്ങളെ സാരമായി ബാധിച്ചു. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും കച്ചവടം ഭാഗികമായി കുറഞ്ഞു.
കോടതി വിചാരണക്കും നിയന്ത്രണം
കോഴിക്കോട്‌
കോവിഡ്‌19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോടതികളിൽ വിചാരണ നടപടികൾക്ക് നിയന്ത്രണം. ജാഗ്രതാ നിർദേശമുള്ളതിനാൽ  ജനത്തിരക്ക് ഒഴിവാക്കണമെന്നും വിചാരണക്കെത്താൻ കക്ഷികളെ നിർബന്ധിക്കേണ്ടതില്ലെന്നും ഹൈക്കോടതി സർക്കുലർ ഇറക്കിയിരുന്നു. ഇതേ തുടർന്നാണ്‌  ജില്ലാ കോടതിയിലേതടക്കം കേസുകൾ മാറ്റിയത്‌. സിറ്റിങ് നടത്തി കേസുകൾ മറ്റൊരു തീയതിയിലേക്ക്‌ മാറ്റുംവിധത്തിലാണ്‌ ക്രമീകരണം. നിപാ വൈറസ്‌ബാധ സമയത്തും കോടതികളിൽ  നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം
കോഴിക്കോട്‌
കോവിഡ് 19 നിയന്ത്രണ  നടപടികളുടെ ഭാഗമായി കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ വകുപ്പുകളിലെയും ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിലായിരുന്നു ക്ലാസ്‌. ഡിഎംഒ ഡോ.വി ജയശ്രീ, അഡീഷണൽ ഡിഎംഒ ഡോ.  രാജേന്ദ്രൻ, ആർസിഎച്ച് ഓഫീസർ ഡോ. ടി എം മോഹൻദാസ് എന്നിവർ ക്ലാസെടുത്തു.
Comments

COMMENTS

error: Content is protected !!