കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് സമയക്രമമായി

കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന്‌ യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.

പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.
ഇതുകൂടാതെ മറ്റു രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി സര്‍വീസുകളാണ് മറ്റു രണ്ടെണ്ണം.പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഉദ്ഘാടനം ചെയ്യും. പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കൊപ്പമായിരിക്കും കേരളത്തിന് അനുവദിച്ച ട്രെയിനിന്റേയും ഫ്‌ളാഗ് ഓഫ്. ചെന്നൈ ബേസിന്‍ ബ്രിഡ്ജില്‍നിന്നും കാട്പാടിയിലേക്ക് വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തി.
Comments

COMMENTS

error: Content is protected !!