കേരളത്തിൽ നിന്നും വരുന്നവർക്കും പോകുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി കർണ്ണാടക

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. കേരളത്തിലുള്ള വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ഒക്ടോബര്‍ അവസാനം വരെ തിരികെ വിളിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേഷനുകൾക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യം ചൂണ്ടികാണിച്ചാണ് നിർദ്ദേശം

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജീവനക്കാരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നുണ്ടെങ്കിലും,പരിശോധനകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമുണ്ട്. ഇത്തരം കേസുകള്‍ ദക്ഷിണ കന്നഡയിലും ഉടുപ്പിയിലും റിപ്പോര്‍ട്ട് ചെയ്തതായി ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ക്ക് പുറമെയാണ് പുതിയ ഉത്തരവ്. നിലവില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്

“കോവിഡ് ഉപദേശക സമിതിയാണ് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവ് രൂപീകരിക്കാൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തുന്നതിനുമുമ്പ് മുഖ്യമന്ത്രി അതിന്റെ സാധ്യതകളും മറ്റ് വശങ്ങളും ചർച്ച ചെയ്തു,” കർണ്ണാകടയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

വിദ്യാഭ്യാസ, നഴ്സിംഗ്, പാരാമെഡിക്കൽ സ്ഥാപനങ്ങള്‍, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ഓഫീസുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് സംസ്ഥാനത്തുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments
error: Content is protected !!