കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നിയമനം നവംബറിൽ തുടങ്ങും
നവംബർ ഒന്നിന് കെഎഎസ് തസ്‌തികകളിൽ നിയമന ശുപാർശ നൽകാനാണ് പിഎസ്‌സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് പിഎസ്‌സി ജില്ലാ ഓഫീസ് ഓൺലൈൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎഎസ് അഭിമുഖം സെപ്‌തംബറിനുള്ളിൽ പിഎസ്‌സി പൂർത്തിയാക്കും.
സിവിൽ സർവീസിനെ ശക്തിപ്പെടുത്താൻ പിഎസ്‌സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാനും വേണ്ട പിന്തുണ നൽകുകയെന്നതാണ് സർക്കാരിന്റെ സമീപനം. ലാസ്റ്റ്‌ഗ്രേഡ് സർവീസ് മുതൽ ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക വരെ നീളുന്ന 1760 ഓളം വിവിധ തസ്‌തികകളിൽ പിഎസ്‌സി നിയമനം നടത്തുന്നു. പ്രതിവർഷം ആയിരത്തോളം റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു. 25000 ത്തോളം അഭിമുഖങ്ങൾ നടത്തുകയും 30000 ത്തോളം നിയമന ശുപാർശകൾ നൽകുകയും ചെയ്യുന്നു. വിജ്ഞാപനമിറങ്ങി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മുമ്പ് അഞ്ചോ ആറോ വർഷമെടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ടു വർഷത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കാൻ പിഎസ്‌സിക്ക് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.