Uncategorized

കേരള പൊലീസിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

പല സ്‌കൂള്‍ ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന  ‘രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക’ എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റർ തങ്ങളുടെ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പൊലീസ്. എന്നാല്‍, കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കുട്ടികള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

‘രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക’ എന്ന രീതിയില്‍ പല സ്‌കൂള്‍ ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റര്‍ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല.
എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

കുട്ടികള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

കുട്ടികള്‍ രാവിലെ കൃത്യമായി സ്‌കൂളില്‍ എത്തുകയും സ്‌കൂള്‍ വിട്ട ശേഷം കൃത്യസമയത്ത് വീട്ടില്‍ എത്തുന്നുണ്ട് എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുക. അപരിചിതര്‍ നല്‍കുന്ന മധുരപദാര്‍ത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കുക.

കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍ നിന്നുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗണ്‍സിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കേരള പൊലീസിന്റെ അറിയിപ്പുകള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button