കൊണ്ടം വള്ളി പാടശേഖരത്തിൽ നെൽകൃഷി വ്യാപിപ്പിക്കുന്നു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ കൊണ്ടം വെള്ളി പാടശേഖരത്തില്‍ കൂടുതല്‍ ഭാഗത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കെ.ദാസന്‍ എം.എല്‍.എ യുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ ജലസേചന വകുപ്പ് 45 ലക്ഷം രൂപയാണ് 3 വി.സി.ബികള്‍ നിര്‍മ്മിക്കാനും തോട് നിര്‍മ്മിക്കാനുമായി അനുവദിച്ചത്. കുറുവങ്ങാട്, മേലൂര്‍, എളാട്ടേരി, ഞാണംപൊയില്‍, ചേലിയ എന്നീ വിവിധ പ്രദേശങ്ങള്‍ അതിരിടുന്നതായ കൊണ്ടം വെള്ളി പാടശേഖരത്തില്‍ വെള്ളക്കെട്ടുമൂലം വലിയൊരു ഭാഗത്ത് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലനിന്നിരുന്നത്. ഇപ്പോഴത്തെ പദ്ധതി നിലവില്‍ വരുന്നതോടെ വലിയൊരു ഭാഗത്ത് കൃഷി സാധ്യമാകും. പുതുതായി നിര്‍മ്മിക്കുന്ന തോടിലൂടെ വെള്ളം ഒഴുക്കിക്കളയുന്നത് ഗുണം ചെയ്യും. കൊല്ലം ബ്ലോക്ക് മെമ്പര്‍ ഗീത കാരോല്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, കൊണ്ടം വെള്ളി പാടശേഖര സമിതിക്കാര്‍ എന്നിവരോടൊത്ത് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. ഇപ്പോള്‍ അനുമതിയായ പ്രവൃത്തികള്‍ ആരംഭിച്ചാലുടന്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിപുലമായ യോഗങ്ങള്‍ പാടശേഖര സമിതികളെയടക്കം ഉള്‍പ്പെടുത്തി വിളിച്ചു ചേര്‍ക്കുമെന്ന് എം.എല്‍.എ അറിയിച്ചു.