കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ മദ്യപ സംഘത്തിന്റെ വിളയാട്ടം. സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
കൊയിലാണ്ടി: മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും വനിതാ ജീവനക്കാർക്കും പരിക്കേറ്റു. തിങ്കളാഴ്ച (സെപ്ത: 11) രാത്രി പത്തുമണിയോടെയാണ് സംഭവം. ലഹരി ഉപയോഗത്തെത്തുടർന്ന് സ്വബോധം നഷ്ടപ്പെട്ട നിലയിൽ ആനക്കുളം സ്വദേശിയായ അശ്വന്ത് എന്നൊരാളെ ഏതാനും പേർ ചേർന്ന് രാത്രി 10 മണിയോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം.
ഇതേത്തുടർന്ന് ആശുപത്രിയിലെത്തിയ ഇയാളുടെ സുഹൃത്തുക്കളായ, സി പി എം മുൻബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സെക്യൂരിറ്റി ജീവനക്കാരനേയും വനിതാ ജീവനക്കാരേയും കയ്യേറ്റം ചെയ്യുകയായിരുന്നു. വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് കണ്ട് തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അനൂപിനെ മുഖത്തും കഴുത്തിനും മർദ്ദിച്ചതായാണ് പരാതി. തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്ന് പോലീസുകാരെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. ആശുപത്രി സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി ഭരണ സമിതിയും പ്രസിഡണ്ട് പി വിശ്വനും ശക്തമായി പ്രതിഷേധിച്ചു.