SPECIAL
കൊറോണ: മൊബൈല്‍ ഫോണിലൂടെ പകരാതിരിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍
![](https://calicutpost.com/wp-content/uploads/2020/03/iPhone_6_lifestyle_0015_thumb800-300x169.jpg)
നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍ ഫോണ്‍. ഭക്ഷണം കഴിക്കുമ്പോഴും ടോയ്‌ലറ്റില്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും മൊബൈല്‍ ഫോണ്‍ ഒപ്പമുണ്ടാകും. അതിനാല്‍ തന്നെ രോഗാണുക്കളുടെ കേന്ദ്രമായി മാറാന്‍ ഇടയുള്ള ഒന്നാണ് നമ്മുടെ മൊബൈല്‍ ഫോണുകള്‍.
ഫോണില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ഉമിനീരിലൂടെ വൈറസ് ഫോണിലേക്ക് എത്താനും അത് പിന്നീട് മറ്റുള്ളവരിലേക്ക് വ്യാപിക്കാനും ഇടയുണ്ട്. കൊറോണ വൈറസ് വ്യാപിക്കുന്ന ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ വഴി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
- ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകണം. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചും കൈകള്‍ വൃത്തിയാക്കാം. കൈകളില്‍ നിന്നും ഫോണിലേക്ക് രോഗാണുക്കള്‍ എത്തുന്നത് ഒരു പരിധി വരെ തടയാന്‍ ഇത് സഹായിക്കും.
- ഫോണില്‍ സംസാരിക്കുമ്പോള്‍ ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക. ഇതുവഴി ഫോണിലേക്ക് ഉമിനീര്‍ വീഴാതെ ശ്രദ്ധിക്കാനാകും.
- ഫോണ്‍ മേശപ്പുറത്തോ മറ്റ് എവിടെയെങ്കിലുമോ അലസമായി വെക്കാതെ ബാഗിലോ പഴ്‌സിലോ പോക്കറ്റിലോ മാത്രം വെക്കുക.
- സ്വന്തം ഫോണ്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക. ഷെയര്‍ ചെയ്യുന്നത് വഴി രോഗാണുക്കള്‍ മറ്റൊരാളിലേക്ക് വ്യാപിക്കാന്‍ ഇടയാകും.
- ആഴ്ചയിലൊരിക്കലെങ്കിലും ഫോണിന്റെ ബാക്ക് കവറുകള്‍, കെയ്‌സുകള്‍ എന്നിവ അഴിച്ചെടുത്ത് വൃത്തിയാക്കുക. ഇവ സോപ്പുവെള്ളം ഉപയോഗിച്ചോ അല്ലെങ്കില്‍ ഓരോ മൊബൈല്‍ ഫോണ്‍ കമ്പനിയും നിര്‍ദേശിക്കുന്ന പ്രത്യേക സൊല്യൂഷനുകളോ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍.
- വൃത്തിയാക്കുന്നതിന് മുന്‍പ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യണം. ചാര്‍ജില്‍ ഇട്ടുവെച്ചു കൊണ്ട് ഫോണ്‍ വൃത്തിയാക്കരുത്.
- ബാക്ക് കവറുകളും കെയ്‌സുകളും വൃത്തിയാക്കാന്‍ സോപ്പുവെള്ളത്തിന് പകരം 70 ശതമാനം ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ ലായനി ഉപയോഗിക്കാം.
- ഫോണ്‍ വൃത്തിയാക്കാന്‍ ഓരോ കമ്പനികളും നിര്‍ദേശിക്കുന്ന ക്ലീനിങ് വൈപ്പുകള്‍ ഉപയോഗിക്കാം.
- മൈക്രോഫോണ്‍, സ്പീക്കര്‍ തുടങ്ങിയവയുടെ സുഷിരങ്ങളിലൂടെ നനവ് ഉള്ളില്‍ കയറാതെ നോക്കണം.
- ധരിച്ചിരിക്കുന്ന വസ്ത്രം ഉപയോഗിച്ച് (ഷാളുകള്‍, ഷര്‍ട്ടിന്റെ തുമ്പ്, സാരിത്തുമ്പ്, തൂവാല) ഫോണ്‍ തുടച്ചു വൃത്തിയാക്കരുത്. ഇതുവഴി രോഗാണുക്കള്‍ വ്യാപിക്കാന്‍ ഇടയുണ്ട്. ഒപ്പം ഫോണിന്റെ സ്‌ക്രീനില്‍ സ്‌ക്രാച്ച് വീഴാനും സാധ്യതയുണ്ട്.
- ഫോണ്‍ തുടയ്ക്കാന്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കുന്നതാണ് നല്ലത്.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാല ഉപയോഗിച്ച് ഫോണ്‍ തുടയ്ക്കരുത്.
- സ്പ്രേ കീനറുകള്‍ ഉപയോഗിക്കരുത്. അത് ഫോണിന് തകരാറുണ്ടാക്കും.
Comments