കളിമണ്ണ് തിന്നാൻ പറന്നിറങ്ങുന്ന തത്തകൂട്ടം; പക്ഷികളുടെ അപൂർവ സ്വഭാവത്തിനു പിന്നിൽ

ആമസോൺ മഴക്കാടുകളിലെ മക്കാവോകൾക്കും തത്തകൾക്കും കളിമണ്ണിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. നദീതടങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന കളിമൺ തിട്ടകളിൽ ഇവ കൂട്ടമായെത്തി കളിമണ്ണ് തിന്നുന്ന കാഴ്ച അതിമനോഹരമാണ്.

 

എന്നാൽ ഇവ കളിമണ്ണു തിന്നാൻ എന്താണ് കാരണം എന്നത് പക്ഷി നിരീക്ഷകരെ ഏറെനാൾ കുഴച്ചിരുന്നു. അവയുടെ സ്ഥിര ഭക്ഷണത്തിൽ ലവണാംശത്തിന്റെ കുറവുണ്ടാകുന്നത് നികത്താനാണ് ഇങ്ങനെ കളിമണ്ണ് തിന്നുന്നതെന്നാണ് ഒടുവിൽ കണ്ടെത്തിയത്. ശരീരത്തിലെ ഇലക്ട്രോ ലൈറ്റുകളുടെ സന്തുലനം നിലനിർത്തുക, ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുക, ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി കാര്യങ്ങൾക്ക് വേണ്ടിയാണ് ഇവയുടെ ഈ കളിമണ്ണ് തീറ്റ.
സസ്യഭുക്കുകളായ ജീവികൾക്ക്‌ ശരീരത്തിൽ ലവണാംശം കുറയുന്നത് സാധാരണയാണ്. ഉപ്പുരസമുള്ള പ്രതലങ്ങളിൽ നക്കി ലവണാംശം ശേഖരിച്ചാണ് അവ ഇതു നികത്തുന്നത്. എന്നാൽ കളിമണ്ണിൽ നിന്നും ലവണാംശം മാത്രമല്ല പൊട്ടാസ്യവും മഗ്നീഷ്യവും പോലെയുള്ള പോഷകങ്ങളും ഇവയ്‌ക്കു ലഭിക്കുന്നുണ്ട്.
ചില സസ്യങ്ങളിൽ നിന്നും ശരീരത്തിൽ പ്രവേശിക്കുന്ന വിഷാംശമകറ്റുന്നതിനാണ് തത്തകളും മക്കാവോകളും കളിമണ്ണു തിന്നുന്നതെന്നാണ് മറ്റൊരു വാദം. ക്വിനൈന്‍, ടാന്നിക് പോലെയുള്ള ദോഷകരമായ അമ്ലങ്ങൾ ആമാശയത്തിലെത്താതെ  നശിപ്പിക്കാൻ കളിമണ്ണിനു സാധിക്കുമെന്നാണു ഇക്കൂട്ടർ വാദിക്കുന്നത്. എന്നാൽ ലവണാംശം നിലനിർത്തുന്നത് സംബന്ധിച്ച വാദമാണ് കൂടുതൽ കൃത്യം എന്നാണ് ഗവേഷണങ്ങളിൽ തെളിയുന്നത്.
ആമസോൺ മഴക്കാടുകളിലെ പരഗ്വേ, ബൊളീവിയ, ബ്രസീൽ, ഇക്വഡോർ എന്നീ പ്രദേശങ്ങളിലെ തത്തകളും മക്കാവോകളും കൂട്ടമായെത്തുന്നത് കാണാറുണ്ടെങ്കിലും തെക്കൻ പെറുവിലെ ടമ്പോപറ്റ നാഷണൽ റിസർച്ചാണ് സഞ്ചാരികൾക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുന്നത്.
Comments

COMMENTS

error: Content is protected !!