സുനന്ദയുടെ മരണം. ശശി തരൂരിനെ കുറ്റവിമുക്തനാക്കി

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂര്‍ എംപിയെ കുറ്റവിമുക്തനാക്കി. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് വിധി.

“ശശി തരൂര്‍ ഈ കേസില്‍ പ്രതിയല്ല, അദ്ദേഹത്തെ ഉള്‍പ്പെടുത്തി വിചാരണ നടത്താന്‍ കഴിയില്ല. അതിനാല്‍ തരൂരിനെ കുറ്റവിമുക്തനാക്കുന്നു,” വിചാരണ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വിധി പ്രസ്താവിച്ചു.

2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജനുവരി ഒന്നിന് ഡല്‍ഹി പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

2019 ഓഗസ്റ്റ് 31 ന് ഡല്‍ഹി പൊലീസ് ആത്മഹത്യ പ്രേരണയ്ക്കും കൊലപാതകത്തിനും തരൂരിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ സുനന്ദയുടെ ശരീരത്തില്‍ 12 മണിക്കൂർ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

“മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന് പറയുന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇരയുടെ മാനസികാവസ്ഥ അറിയുന്നതിനായി സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. എന്നാല്‍ ഇതുവരെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല,” പഹ്വ വ്യക്തമാക്കി.

 

Comments

COMMENTS

error: Content is protected !!