LOCAL NEWS

കോട്ടക്കലിൽ പ്രവർത്തിക്കുന്ന ഇരിങ്ങൽ പ്രാഥമിക കുടുംബാരോഗ്യകേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ

കോട്ടക്കലിൽ പ്രവർത്തിക്കുന്ന ഇരിങ്ങൽ പ്രാഥമിക കുടുംബാരോഗ്യകേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ. നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന ദേശീയ ഗുണനിലവാര അംഗീകാരം ഇരിങ്ങൽ ആശുപത്രിക്ക് ലഭിച്ചു. സംസ്ഥാനത്ത് അഞ്ച് ആശുപത്രികളെ തിരഞ്ഞെടുത്തതിലാണ് ഈ ആശുപത്രി അർഹത നേടിയത്. ജില്ലയിൽ മറ്റ് ആശുപത്രികൾക്കൊന്നും ഇത്തവണ ഈ അംഗീകാരം കിട്ടിയിട്ടില്ല.

സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലീനിക്കൽ സർവീസസ്, ഇൻഫെക്‌ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ എട്ടുവിഭാഗങ്ങളിലും മാതൃകാപരമായ പ്രവർത്തനം ഇരിങ്ങൽ ആശുപത്രി കാഴ്ചവെച്ചതായി കേന്ദ്ര പരിശോധകസംഘം കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സെക്രട്ടറിയും എൻ.എച്ച്.എം. ഡയറക്ടറുമായ വികാസ്ഷീലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നുമെത്തിയ സംഘമാണ് സ്ഥലം സന്ദർശിച്ച് അംഗീകാരം പ്രഖ്യാപിച്ചത്.
83 ശതമാനം മാർക്കാണ് ആശുപത്രിക്ക് ലഭിച്ചത്. ജില്ലാ, സംസ്ഥാനതലങ്ങളിൽ നടന്ന പരിശോധനയ്ക്ക് ശേഷമാണ് എൻ.എച്ച്.എം. ഗുണനിലവാരപരിശോധനയ്ക്ക് വരുന്നത്.കേന്ദ്രസർക്കാർ നൽകുന്ന എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷന് മൂന്നുവർഷത്തെ കാലാവധിയുണ്ട്. ഈ കാലയളവിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വർഷത്തിൽ രണ്ടുലക്ഷം രൂപ ലഭിക്കും. കൂടാതെ, ആശുപത്രി വികസനത്തിന് നാഷണൽ മിഷന്റെയും കേന്ദ്രസർക്കാരിന്റെയും സഹായധനത്തിന് മുൻഗണനയും ലഭിക്കും.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഇടയിൽ ലഭിച്ച ഈ ബഹുമതി ഇരിങ്ങൽ എഫ്.എച്ച്.സി.ക്ക് മിന്നുന്ന അഭിമാനമായി. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖിന്റെയും മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ബൈജുവിന്റെയും നേതൃത്വത്തിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ജീവനക്കാരും ആശാവർക്കന്മാരും ആരോഗ്യപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും കാഴ്ചവെച്ച ആത്മാർഥമായ പ്രവർത്തനമാണ് ഈ ഗ്രാമീണ ആതുരാലയത്തിന്റെ തലയെടുപ്പിന് കാരണമായത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button